കുവൈത്ത് സിറ്റി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് സ്മരണയിൽ കുവൈത്തിലെ ക്രിസ്തീയ സമൂഹം ഈസ്റ്റർ ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേൽപിനെ അനുസ്മരിച്ച് ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. വിവിധ ഇടവകകളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ഉയിർപ്പ് ശുശ്രൂഷകൾ പുലർച്ച വരെ നീണ്ടു.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഉയിർപ്പിന്റെ ശുശ്രൂഷയും വിശുദ്ധ കുർബാനയും കുവൈത്ത് സിറ്റി, ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ഞായറാഴ്ച പുലർച്ച മൂന്നിന് നടന്ന കർമങ്ങൾക്ക് ഫാ. ജോൺ തുണ്ടിയത്ത് കാർമികത്വം വഹിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കൊൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗീസ് ജോൺ എന്നിവർ സഹകാർമികത്വം വഹിച്ചു. ഇടവക ട്രസ്റ്റി ജോജി ജോൺ, സെക്രട്ടറി ജിജു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക ഭരണസമിതി ഹാശാ ആഴ്ചയുടേയും ഉയിർപ്പിന്റേയും ക്രമീകരണങ്ങൾക്ക് ചുക്കാൻപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.