കുവൈത്ത് സിറ്റി: രാജ്യത്ത് ഇലക്ട്രോണിക് തട്ടിപ്പ് കൂടുന്നു. ചാറ്റുകൾ, സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ, മെസേജ്, ഇലക്ട്രോണിക് ഗെയിമുകൾ, വ്യാജ സൈറ്റുകൾ എന്നിവയിലൂടെ ഉപയോക്താക്കളെ വലയിൽ വീഴ്ത്തിയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. അടുത്തിടെ ഇത്തരത്തിലുള്ള 350 കേസ് രജിസ്റ്റർ ചെയ്തതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ഇത്തരം കേസുകളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്താണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവി ഡോ. സഫാ സമാൻ അറിയിച്ചു. തട്ടിപ്പിന് പുതിയ രീതികളും പരീക്ഷിക്കുന്നുണ്ട്. കമ്പനികളുടെയോ സ്റ്റോറുകളുടെയോ ലോഗോകളിൽ കൃത്രിമം കാണിക്കലാണ് പുതിയത്. യഥാർഥത്തിലുള്ളതിന് പകരം തട്ടിപ്പ് നടത്തുന്നവർ അക്കൗണ്ട് നമ്പർ മാറ്റി നൽകും.
ശരിക്കുമുള്ള കമ്പനിയാണെന്ന് കരുതി ഇതിലേക്ക് ഇടപാടു നടത്തുന്നവർ വഞ്ചിതരാകും. ഇ- ഷോപ്പിങ് നടത്തുന്നവരാണ് ഇത്തരം കെണികളിൽ വീഴുന്നത്. നിക്ഷേപങ്ങൾ, ബിസിനസ് ഇ-മെയിൽ, റൊമാന്റിക് സന്ദേശങ്ങൾ എന്നിവയാണ് ആളുകളെ ആകർഷിക്കാൻ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിൽ 24ഓളം രീതികൾ തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നതായി ഇന്റർപോളുമായി സഹകരിച്ച് സൗദി അറേബ്യയിലെ യൂനിവേഴ്സിറ്റി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി സമാൻ വ്യക്തമാക്കി. തട്ടിപ്പിനിരയായവര്‍ ഇത് ഒളിച്ചുവെക്കാതെ അധികാരികളെ അറിയിക്കണം. കൂടുതൽ പേർ ഇരകളാകുന്നത് തടയാനും പ്രതികളെ പിടികൂടാനും ഇത് സഹായകരമാകും.
ലിങ്കുകൾ, സോഷ്യൽ നെറ്റ്വർക്കിങ് അക്കൗണ്ടുകൾ എന്നിവയെ പൂർണമായി വിശ്വസിക്കരുത്
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലോ വെബ്സൈറ്റുകളിലോ സ്വകാര്യ വിവരങ്ങള്‍ നൽകരുത്
പാസ് വേഡുകൾ പിൻ നമ്പറുകൾ എന്നിവ ആർക്കും കൈമാറരുത്
അജ്ഞാത ലിങ്കുകളില്‍ ക്ലിക് ചെയ്യരുത്
ഇലക്ട്രോണിക് വാങ്ങലുകൾക്ക് എപ്പോഴും ഒരു പ്രീപെയ്ഡ് കാർഡ് ഉപയോഗിക്കുക
വ്യക്തിഗത ഡേറ്റയുടെ ബാക്കപ്പ് കോപ്പികള്‍ സൂക്ഷിക്കുക
സ്മാര്‍ട്ട്ഫോണ്‍ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഇടക്കിടെ അപ്ഡേറ്റ് ചെയ്യുക
ഫോണ്‍ നല്കുന്ന സുരക്ഷ മുന്നറിയിപ്പുകള്‍ പിന്തുടരുക
അജ്ഞാത ഉറവിടങ്ങളില്‍നിന്ന് ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്യരുത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.