പ്രവാസികളിൽ പലരും പഴയകാലത്തെ അപേക്ഷിച്ച് നാട്ടിലേക്ക് പണം അയക്കുന്നത് ബാങ്ക് വഴിയും മറ്റ് ഔദ്യോഗിക മാർഗങ്ങളിലൂടെയും ആക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എങ്കിലും, ടെക്നോളജി ഇത്രമേൽ പുരോഗമിച്ചിട്ടും ഇപ്പോഴും ബാങ്ക് അക്കൗണ്ടുപോലും തുടങ്ങാത്ത ദീർഘകാല പ്രവാസികളെയും ഏറെ കാണാവുന്നതാണ്. ഇങ്ങനെ പണം അയക്കുന്നതിന്റെ പരിണിതഫലങ്ങളാണ് ഇത്തവണ ചർച്ച ചെയ്യുന്നത്.
കഴിഞ്ഞ മാസം യു.എൻ.ഒയുടെ കീഴിലെ ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം റിപ്പോർട്ട് പ്രകാരം ഹവാല വഴി പണം അയക്കുന്നത് ലോകത്ത് മയക്കുമരുന്നിന്റെ വ്യാപനത്തിനും സംഘടിത ക്രൈമിനും ഏറെ കാരണമാണെന്ന് വിലയിരുത്തുന്നു. റിപ്പോർട്ട് പ്രകാരം, മയക്കുമരുന്ന് ഉൽപാദകർക്ക് പണം രാജ്യാന്തരമായി എത്തിക്കുന്നതും ഹവാല വഴിയാണെന്നും ഇപ്പോൾ, മയക്കുമരുന്ന് ഉൽപാദകർതന്നെ ഇത്തരം പണം കൈകാര്യംചെയ്യുന്ന മുഖ്യകണ്ണികളാണെന്നും പ്രത്യേകം പരാമർശിക്കുന്നു.
പണം അയക്കാനും എത്രയും പെട്ടെന്ന് പണം നാട്ടിൽ സ്വീകരിക്കാനുമുള്ള സൗകര്യം, അൽപം മികച്ച നിരക്ക്, കമീഷൻ ഒഴിവാകുന്നത് തുടങ്ങിയവയാണ് ഇതിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. അതിനു പുറമെ, ബാങ്ക് അടക്കമുള്ള മാർഗത്തിൽ പണം അയച്ചാൽ പിന്നീട് ടാക്സ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടിവരുമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നും മനസ്സിലാവുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരം
a. കള്ളപ്പണ ഇടപാടുകളിൽ പെട്ടെവരെ അറസ്റ്റ് ചെയ്യാം.
b. സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടാം.
c. ആവശ്യമായ സ്ഥലങ്ങളിൽ സെർച്ച് ചെയ്യുകയും രേഖകൾ ആവശ്യപ്പെടുകയും ചെയ്യാം.
d. ഇ.ഡി, കസ്റ്റംസ്, പൊലീസ്, സി.ബി.ഐ തുടങ്ങിയ ഏജൻസികൾക്ക് അന്വേപ്പിക്കാം.
ഫെമ നിയമപ്രകാരം
a. കള്ളപ്പണ ഇടപാടിൽ ഏർപ്പെട്ട തുകയുടെ മൂന്നിരട്ടി പിഴ ചുമത്താം.
b. തുക കണക്കാക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടു ലക്ഷം രൂപ പിഴയും പിഴ അടക്കാൻ വൈകുന്ന ഓരോ ദിവസവും 5000 രൂപ വീതം അധിക പിഴയും.
c. പിഴത്തുക മുഴുവനായും 90 ദിവസത്തിനകം അടച്ചില്ലെങ്കിൽ മൂന്നു വർഷം വരെ തടവ്.
ഇൻകം ടാക്സ് നിയമപ്രകാരം
a. പ്രവാസികൾ നിയമാനുസൃത വഴിയിൽ നാട്ടിലേക്ക് അയക്കുന്ന പണം ഇൻകം ടാക്സിന് വിധേയമല്ല. എന്നാൽ, കുഴൽപണം പോലുള്ള മാർഗത്തിൽ വന്ന പണത്തിന് ഉറവിടം വ്യക്തമാക്കാൻ കൃത്യമായി സാധിക്കാത്തതിനാൽ ഇൻകം ടാക്സും പിഴയുണ്ടെങ്കിൽ അതും അടക്കേണ്ടിവരും. നാം കഷ്ടപ്പെട്ടുണ്ടാക്കുന്ന വീട്ടിലും മറ്റ് ആസ്തികളിലും ഇൻകം ടാക്സ് പോലുള്ള വകുപ്പിന്റെ റെയ്ഡ് അടക്കമുള്ളവ ഒഴിവാക്കുന്നതല്ലേ നല്ലത്.
നാം ജോലി ചെയ്യുന്ന നാട്ടിലെ നിയമങ്ങൾ
a. നേരത്തേ സൂചിപ്പിച്ചപോലെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം രാജ്യാന്തര തലത്തിൽതന്നെ വളരെ കണിശമായാണ് നേരിടുന്നത്. ഭീകരവാദത്തിനുള്ള പണത്തിന്റെ ഉറവിടമായാണ് യു.എൻ അടക്കമുള്ള വേദികൾ കാണുന്നത്. അതുപോലെ ഭരണസംവിധാനങ്ങൾക്കെതിരെ സമാന്തര ഇക്കോണമിയായി പ്രവർത്തിക്കുന്നതായി കണക്കാക്കുകയും.
b. എല്ലാ ഗൾഫ് രാജ്യങ്ങളിലും കള്ളപ്പണത്തിനെതിരെ അതിശക്തമായ നിയമങ്ങളുണ്ട്. നാം അയക്കുന്നത് വളരെ കുറഞ്ഞ സംഖ്യയാണെങ്കിലും ഒരുപക്ഷേ, ഈ നിയമങ്ങൾ പ്രകാരമുള്ള നടപടികൾക്ക് വിധേയമായേക്കാം.
c. പുതിയ സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് ഓരോ കാര്യവും മോണിറ്റർ ചെയ്യാൻ ഏറെ എളുപ്പമായതിനാൽ കള്ളപ്പണവേട്ട ശക്തമാവാനുള്ള സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.