കുവൈത്ത് സിറ്റി: സിജി ഇൻറർനാഷനൽ രണ്ടാമത് അന്തർദേശീയ തീമാറ്റിക് സമ്മേളനം കുവൈത്തിൽ സമാപിച്ചു. ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നും സിജി കേന്ദ്ര കമ്മിറ്റിയിൽനിന്നായി 40ലേറെ പ്രതിനിധികൾ സംബന്ധിച്ചു. സിജി വിഷൻ 2030 എന്ന ലക്ഷ്യത്തിലൂന്നി വിവിധ വിഷയത്തിൽ സമഗ്ര ചർച്ച നടന്നു. സാമൂഹിക മുന്നേറ്റം, സ്വയം പര്യാപ്തത, ബൗദ്ധിക മുന്നേറ്റം, സാമൂഹിക പങ്കാളിത്തം എന്നീ നാലുമേഖലകൾ കേന്ദ്രീകരിച്ചുള്ള വിവിധ വിഷയങ്ങളിൽ ചർച്ചയും പഠനരേഖ വിശകലനവും നടത്തി.
സിജി പ്രസിഡൻറ് അബ്ദുസ്സലാം സിജി ‘വിഷൻ 2030’ അവതരിപ്പിച്ചു. ‘ശക്തമായ സമൂഹവും ഭരണ പങ്കാളിത്തവും’, ‘സാമൂഹിക സ്വയം പര്യാപ്തതയും മനുഷ്യശേഷി വിനിയോഗവും’, ‘ബൗദ്ധിക മേഖലകളിലെ മുന്നേറ്റം’ ‘സാമൂഹിക സ്വാധീനവും മാതൃകാ സമൂഹവും’ എന്നീ വിഷയങ്ങളിൽ യഥാക്രമം ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്റഫ്, എ.പി. നിസാം, ഡോ. അമീർ അഹമ്മദ്, എ.എം. അഷ്റഫ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സിജി ഇൻറർനാഷനൽ ചെയർമാൻ മുഹമ്മദ് ഫിറോസ്, ചീഫ് കോഓഡിനേറ്റർ എം.എം. അബ്ദുൽ മജീദ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. പൊതുസമ്മേളനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കെ.കെ. പഹൽ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഡോ. അമീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ശൈഖ് നൂരി അൽ നൂരി മുഖ്യാതിഥിയായിരുന്നു.
സിജി കുവൈത്ത് തയാറാക്കിയ വിദ്യാഭ്യാസ, തൊഴിൽ ഡയറക്ടറി ‘കോമ്പസ്’ നൂരി അൽ നൂരിക്കു ആദ്യപ്രതി നൽകി കെ.കെ. പഹൽ പ്രകാശനം ചെയ്തു.
പി.എ. അബ്ദുസ്സലാം, സി.പി. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ഫിറോസ്, ഡോ. എ.ബി. മൊയ്തീൻകുട്ടി, സഹാറ ഗ്രൂപ് മേധാവി നിദാൽ, മുഹമ്മദ് സാജിദ് എന്നിവർക്ക് യഥാക്രമം കെ.കെ. പഹൽ, ഡോ. അമീർ അഹമദ്, നൂരി അൽ നൂരി, സഗീർ തൃക്കരിപ്പൂർ, ഫസീയുല്ല അബ്ദുല്ല, കെ.സി. അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സമീർ മുഹമ്മദ് വിദ്യാഭാസ ഡയറക്ടറിയെ കുറിച്ച് വിശദീകരിച്ചു. ജനറൽ കൺവീനർ സഗീർ തൃക്കരിപ്പൂർ സ്വാഗതവും ചീഫ് കോഓഡിനേറ്റർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. അഷ്റഫ് വാകത്ത് പരിപാടികൾ ക്രോഡീകരിച്ചു. ഹാഷിൽ യൂനുസ് പ്രാർത്ഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.