കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികളും ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും നേരിടാൻ സന്നദ്ധ സംഘടനകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് അന്താരാഷ്ട്ര ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ചെയർമാനും യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽ മാത്തൂഖ് പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ സന്നദ്ധ സംഘടനകളുടെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷിക ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ ദുരിതാശ്വാസ സംഘടനകൾ വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നുണ്ടെന്നും ഡോ. അൽ മാത്തൂഖ് പറഞ്ഞു.
അന്താരാഷ്ട്ര ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ കഴിഞ്ഞ വർഷം 58 രാജ്യങ്ങൾക്ക് ദുരിതാശ്വാസ, വികസന സേവനങ്ങൾ എത്തിച്ചു. ഇത് ഏകദേശം 15 ദശലക്ഷം ദീനാറിന്റെതാണ്. പാകിസ്താനിലെ വിനാശകരമായ വെള്ളപ്പൊക്കം, തുർക്കിയയിലും സിറിയയിലും ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ കാരണം കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലും കുവൈത്ത് ചാരിറ്റികൾ വലിയ വെല്ലുവിളികൾ നേരിട്ടതായും ഡോ. അൽ മാത്തൂഖ് കൂട്ടിച്ചേർത്തു.
പാകിസ്താനുവേണ്ടിയുള്ള ദുരിതാശ്വാസ കാമ്പയിനിൽ ഐ.ഐ.സി.ഒ മറ്റ് ജീവകാരുണ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകദേശം രണ്ട് ദശലക്ഷം ഡോളർ സമാഹരിച്ചു. തുർക്കിയ, സിറിയ ഭൂകമ്പത്തിലെ ഇരകൾക്ക് സംഘടന 2.160 മില്യൺ ഡോളറിന്റെ സഹായം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.