കുവൈത്ത് സിറ്റി: കോവിഡ് പരിശോധന അടക്കം നടപടിക്രമങ്ങൾക്ക് സമയമെടുക്കുന്നതിനാൽ കുവൈത്തിലേക്കുള്ള കര അതിർത്തിയിൽ വാഹനത്തിരക്ക്. കുവൈത്തിൽനിന്ന് പുറത്തുപോവാൻ സാൽമി, നുവൈസീബ് അതിർത്തി വഴി അനുവദിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് നുവൈസീബ് അതിർത്തി വഴി മാത്രമാണ്. ഇതും തിരക്ക് വർധിക്കാൻ കാരണമാണ്. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതിലെ അസന്തുഷ്ടി നിരവധി സ്വദേശികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. പ്രതിദിനം ശരാശരി 1000 വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നുണ്ട്. ഇതിനനുസരിച്ചുള്ള ജീവനക്കാർ ചെക് പോസ്റ്റിൽ ഇല്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായപ്രകടനം. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ സെപ്റ്റംബർ 15നാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്.
ആറു മാസത്തെ ഇടവേളക്കു ശേഷമാണ് സാൽമി, നുവൈസീബ് അതിർത്തികൾ തുറന്നത്. ആരോഗ്യ സുരക്ഷ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെ ആണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.