കുവൈത്ത് സിറ്റി: ചൊവ്വാഴ്ച ആരംഭിക്കുന്ന 15ാമത് മിലിപോൾ ഖത്തർ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഖത്തറിലെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ശൈഖ് ഫഹദ് യൂസഫ് കൂടിക്കാഴ്ച നടത്തി.
അമിരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസ സന്ദേശം കൈമാറി. ഖത്തറിലെ ജനങ്ങൾക്കും ഭരണകൂടത്തിനും അദ്ദേഹം ക്ഷേമം നേർന്നു. ഇരു രാജ്യങ്ങളും തമ്മിലെ ദൃഢമായ സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മറ്റും പൊതുതാൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുമായും ശൈഖ് ഫഹദ് കൂടിക്കാഴ്ച നടത്തി. സുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രാദേശികവും അന്തർദേശീയവുമായ മറ്റു വിഷയങ്ങൾ എന്നിവ ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും സാഹോദര്യ ബന്ധങ്ങളുടെയും ആഴത്തെ മന്ത്രി ശൈഖ് ഫഹദ് യൂസഫ് പ്രശംസിച്ചു. എല്ലാ മേഖലകളിലും അവയെ വികസിപ്പിക്കാനുള്ള തീവ്രതയും ഊന്നിപ്പറഞ്ഞു. ഖത്തർ ആഭ്യന്തര മന്ത്രാലയ മന്ദിരത്തിലെ പൊലീസ് മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു. മൂന്നു ദിവസങ്ങളിലായാണ് ആഭ്യന്തര സുരക്ഷ, പ്രതിരോധ പ്രദർശനമായ മിലിപോൾ ഖത്തറിന് ദോഹ വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.