കുവൈത്ത് സിറ്റി: ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡി.എം.ഡി) യെക്കുറിച്ച് അവബോധം വളർത്തുന്നതിൽ കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). സെപ്റ്റംബർ ഏഴിന് ലോക ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി അവബോധ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ പ്രതിനിധി ഡോ. അസദ് ഹഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അപൂർവ ജനിതക വൈകല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, നേരേത്തയുള്ള രോഗനിർണയം, ചികിത്സയിലും പരിചരണത്തിലുമുള്ള പുരോഗതി വിലയിരുത്തൽ എന്നിവയിൽ കുവൈത്ത് പ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭ (യു.എൻ) ഉൾപ്പെടെയുള്ള സംഘടനകളുമായി ചേർന്ന് ലോക ഡി.എം.ഡി അവബോധ ദിനം പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്ത് പ്രധാന പങ്കുവഹിക്കുന്നതായും ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ഡി.എം.ഡിയുള്ള ആളുകളുടെ ശബ്ദം കേൾപ്പിക്കാനുള്ള സുപ്രധാന അവസരമാണ് അവബോധ ദിനമെന്ന് ഹഫീസ് പറഞ്ഞു. മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിന് കുവൈത്തും മറ്റ് രാജ്യങ്ങളുമായും പ്രവർത്തിക്കാനുള്ള ഡബ്ല്യു.എച്ച്.ഒയുടെ താൽപര്യവും വ്യക്തമാക്കി.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതുമാണ് ഡി.എം.ഡി എന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി. മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണവും അപകടകാരിയുമായി കാണപ്പെടുന്ന അവസ്ഥയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.