കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഫീസ് ഉയർത്തണമെന്ന നിർദേശം വാണിജ്യ വ്യവസായ മന്ത്രാലയം നിരാകരിച്ചു. വിമാന ടിക്കറ്റ് നിരക്കിലെ വർധനയും മറ്റു ചെലവുകളും പരിഗണിച്ച് ഫീസിൽ പത്തു ശതമാനം വർധന വേണമെന്നാണ് മാൻപവർ അതോറിറ്റി മുന്നോട്ടുവെച്ച നിർദേശം. ഒരു ഗാർഹികത്തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് 980 ദീനാർ ആക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടത്.
എന്നാൽ, കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റും മാതൃരാജ്യത്തെ വൈദ്യ പരിശോധനയും മറ്റു ചെലവുകളും ഉൾപ്പെടെ 890 ദീനാറിൽ അധികം റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഫീസ് 1400 ദീനാർ വരെ ഉയർത്തണമെന്നാണ് റിക്രൂട്ട്മെന്റ് ഓഫിസുകൾ ആവശ്യപ്പെടുന്നത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്, വിദേശ രാജ്യങ്ങളിൽ നൽകേണ്ട റിക്രൂട്ട്മെന്റ് ഫീസ് വർധന തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഓഫിസുകൾ ഫീസ് വർധനക്ക് സമ്മർദം ചെലുത്തുന്നത്.
റിക്രൂട്ട്മെന്റ് ഓഫിസുകൾ അമിത ഫീസ് ഈടാക്കുന്നതായി സ്വദേശികളിൽനിന്ന് നിരവധി പരാതി ഉയർന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്ലൈൻ നമ്പറിലോ domestic.workers@manpowe.gov.kw എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.