കുവൈത്ത് സിറ്റി: ലിംഗസമത്വത്തിലും സ്ത്രീ മുന്നേറ്റത്തിനും ശ്രദ്ധ നൽകി രാജ്യം. സ്ത്രീകളുടെ സംഭാവനയില്ലാതെ ഒരു പുരോഗതിയും കൈവരിക്കാനാവില്ലെന്നാണ് കുവൈത്തിന്റെ പൊതു തത്ത്വം.
ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ പീസ് ആൻഡ് സെക്യൂരിറ്റി റിപ്പോർട്ടു പ്രകാരം സ്ത്രീ ശാക്തീകരണത്തിൽ 177 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 61ാം സ്ഥാനത്താണ്. ലിംഗ വ്യത്യാസവുമായി ബന്ധപ്പെട്ട് കുവൈത്ത് 10 പോയന്റ് മെച്ചപ്പെടുത്തുകയുമുണ്ടായി.
രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യത ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. വികസന പദ്ധതികൾ, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകൾ എന്നിവയിൽ സ്ത്രീകളുടെ പങ്ക് വിപുലീകരിക്കുകയും അവരെ പ്രത്യേകമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. രാജ്യത്തെ തൊഴിൽ ശക്തിയിൽ 58 ശതമാനത്തിലധികം സ്ത്രീകളാണ്. സ്വകാര്യമേഖലയിൽ 48 ശതമാനവും പൊതുമേഖലയിൽ 60 ശതമാനവും സ്ത്രീകൾ പ്രതിനിധീകരിക്കുന്നു.
28 ശതമാനം സ്ത്രീകൾ എക്സിക്യുട്ടീവ് സ്ഥാനങ്ങൾ വഹിക്കുന്നു. മന്ത്രിമാർ, അണ്ടർ സെക്രട്ടറി, അസി.അണ്ടർ സെക്രട്ടറി തസ്തികളിൽ വനികൾ ഉണ്ട്. നിലവിലെ സർക്കാറിൽ മൂന്ന് വനിതാ മന്ത്രിമാർ ഉൾപ്പെടുന്നു. പ്രതിരോധ മന്ത്രാലയത്തിലെ സീനിയർ, എക്സിക്യുട്ടീവ് തസ്തികകളിൽ 47 ശതമാനവും മിലിറ്ററി എൻജിനീയറിങ് മേഖലയിൽ 43 ശതമാനവും വനിതകളാണ്.
പബ്ലിക് പ്രോസിക്യൂഷനിൽ നാല് സ്ത്രീകളെ മാനേജർമാരായി നിയമിച്ചിട്ടുണ്ട്. 88 പബ്ലിക് പ്രോസിക്യൂട്ടർമാരും 19 ജഡ്ജിമാരും വനിതകളായും ഉണ്ട്.
കുവൈത്തിന്റെ ചരിത്രത്തിലാദ്യമായി 19 വനിതകൾ അമീരി ഗാർഡിലുണ്ട്. 900ലധികം വനിത പൊലീസുകാരുമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് 144 വനിത നയതന്ത്രജ്ഞർ ഉണ്ട്.
മൊത്തം നയതന്ത്രജ്ഞരുടെ 22 ശതമാനമാണിത്. കുവൈത്ത് പെട്രോളിയം കോർപറേഷനിലെ (കെ.പി.സി) മൊത്തം തൊഴിലാളികളിൽ 54 ശതമാനവും സ്ത്രീകളാണ്.
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിലെ എക്സിക്യൂട്ടിവ് തസ്തികകളിൽ 41 ശതമാനവും ബാങ്കുകളിൽ 35 ശതമാനവും ബാങ്കിങ് മേഖലയിലെ എക്സിക്യുട്ടിവ് ജോലികളിൽ 26 ശതമാനവും സ്ത്രീകളാണ്. സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരമായി അവരെ ശാക്തീകരിക്കുന്നതിനും എല്ലാ മേഖലകളിലും സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ‘വരാഖാത്തി’ എന്ന പേരിൽ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.