കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികൾ കുവൈത്തിലേക്ക് വരാൻ വിമുഖത കാണിക്കുന്നതായി റിക്രൂട്ട്മെൻറ് ഓഫിസുകൾ. തൊഴിലാളികളുടെ അവകാശങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ താരതമ്യം ചെയ്ത് സൗദി, യു.എ.ഇ എന്നിവയാണ് കൂടുതലായി പരിഗണിക്കപ്പെടുന്നതെന്ന് റിക്രൂട്ട്മെൻറ് ഓഫിസുകളെ ഉദ്ധരിച്ച് 'അൽ ഖബസ്' ദിനപത്രം റിപ്പോർട്ട് ചെയ്തു. തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച കഴിഞ്ഞവർഷങ്ങളിലെ ചില റിപ്പോർട്ടുകളും ബാധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും അതിൽ കർശന നടപടി സ്വീകരിച്ചതായും കുവൈത്ത് ഭരണകൂടം പറയുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് ഭരണകൂടം ഉറപ്പിച്ചുപറയുന്നു. അതേസമയം, ഫിലിപ്പിനോ തൊഴിലാളി കൊല്ലപ്പെട്ട സംഭവം അന്തർദേശീയതലത്തിൽ വലിയ ചർച്ചയായി.
കുവൈത്തിലേക്ക് ഏറ്റവും കൂടുതൽ ഗാർഹികത്തൊഴിലാളികൾ വരുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസും ഇന്ത്യയും. ഇന്ത്യയിൽനിന്നും ഗാർഹികത്തൊഴിലാളികൾ കുവൈത്തിലേക്ക് വരാൻ വിമുഖത കാണിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് റിക്രൂട്ട്മെൻറ് ചെലവ് കൂടാൻ കാരണമാകുന്നു. പരമ്പരാഗതമായി കുവൈത്തിലേക്ക് തൊഴിലാളികളെ അയച്ചിരുന്ന രാജ്യങ്ങളിൽനിന്ന് സമീപകാലത്ത് സിംഗപ്പൂർ, ജപ്പാൻ, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെൻറ് വർധിച്ചു. ഉയർന്ന ശമ്പളമാണ് ഈ രാജ്യങ്ങളെ ആകർഷകമാക്കുന്നത്. ഇന്ത്യയുമായും ഫിലിപ്പീൻസുമായും ശ്രീലങ്കയുമായും കുവൈത്ത് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് കരാർ ഒപ്പിട്ടിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരാർ. അതേസമയം, നേപ്പാൾ, ഇന്തോനേഷ്യ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളുമായി കരാർ നടപടികൾ പൂർത്തിയായിട്ടില്ല. കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.