കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ ഇടങ്ങളിൽ സ്ഥാപിച്ച എമര്‍ജന്‍സി സൈറണുകളുടെ പരീക്ഷണം ചൊവ്വാഴ്ച വിജയകരമായി നടന്നു. രാവിലെ പത്തുമണിക്കാണ് സൈറൺ മുഴങ്ങിയത്. അറബിയിലും ഇംഗ്ലീഷിലും റെക്കോഡ് ചെയ്ത സന്ദേശങ്ങൾക്ക് പുറമെ ടോണിന്റെ അർഥവും വിശദീകരിച്ചു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൈറണുകളുടെ പരീക്ഷണ ഓപറേഷൻ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സന്ദേശം നൽകുന്നതിനായി സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കൽ, സൈറണുകളുടെ അർഥങ്ങളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കൽ, സൈറണുകളുടെയും അവ കേൾക്കുമ്പോൾ എടുക്കേണ്ട തയാറെടുപ്പുകൾ എന്നിവ മുൻനിർത്തിയാണ് ട്രയൽ റൺ സംഘടിപ്പിച്ചതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നബീൽ അൽ ഷാത്തി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലും സിവിൽ ഡിഫൻസ് ടീമുകളെ സൈറണുകൾ കേൾക്കാനും നിരീക്ഷണങ്ങൾ രേഖപ്പെടുത്താനും ചുമതലപ്പെടുത്തിയിരുന്നു.
ട്രയൽ ഓപറേഷന്റെ ഫലങ്ങൾ സമഗ്രമായി വിലയിരുത്തുമെന്നും ബ്രിഗേഡിയർ ജനറൽ അൽ ഷാത്തി പറഞ്ഞു. ഉപകരണങ്ങളുടെ സന്നദ്ധത ഉറപ്പാക്കാൻ പരീക്ഷണങ്ങൾ ഇടക്കിടെ നടക്കുമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.