കുവൈത്ത് സിറ്റി: പ്രവാസികളെ പലതവണ കുഴിയിൽ വീഴ്ത്തിയ തട്ടിപ്പുകാരൻ വീണ്ടും രംഗത്ത്. പലരിൽനിന്നും പണം വാങ്ങി മുങ്ങിയ മലപ്പുറം സ്വദേശിയാണ് പുതിയ ഇരകളെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയത്. ഇതിനകം ഇയാൾ പലരെയും സമീപിച്ചതായി മലയാളികൾ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ്, വഞ്ചന കേസുകളിൽ ഒന്നിലേറെ തവണ കുവൈത്തിൽ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ് പ്രതി.
വിവിധ പദ്ധതികൾ വിശദീകരിച്ച് പണം നിക്ഷേപിക്കാൻ പ്രലോഭിപ്പിക്കുകയാണ് രീതി. വലിയ ലാഭം കിട്ടുമെന്നും വിശ്വസിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട രേഖകളും ഫോട്ടോകളും കാണിച്ചും മുഴുവൻ വിവരങ്ങളും വിശദീകരിച്ചുമാകും ആളുകളെ സമീപിക്കുക. ഇതിൽ വീഴുന്നവരോട് തുടർന്ന് പണം ആവശ്യപ്പെടും. തുടക്കത്തിൽ ഒന്നോ രണ്ടോ തവണ ചെറിയ തുക മടക്കിനൽകും. എന്നാൽ, പിന്നീട് ആളെക്കുറിച്ച് ഒരു വിവരവും ഉണ്ടാകില്ല. ഇതേസമയം മറ്റൊരിടത്ത് വേറെ ചിലരെ കെണിയിൽ വീഴ്ത്താനുള്ള ശ്രമത്തിലാകും അയാൾ.
12 വർഷം മുമ്പ് നൽകിയ വൻ തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് തട്ടിപ്പിനിരയായ മലയാളി പറഞ്ഞു. കുവൈത്ത് ഓയിൽ കമ്പനിയുടെ പുതിയ പ്രോജക്ടും സ്ക്രാപ് ബിസിനസുമെന്ന് പറഞ്ഞാണ് സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട പല രേഖകളും കാണിക്കുകയുമുണ്ടായി. അതിൽ വിശ്വസിപ്പിച്ച് പണം നൽകി. മറ്റു സുഹൃത്തുക്കളിൽനിന്നുകൂടി സമാഹരിച്ച് സംഘംചേർന്നാണ് പണം നൽകിയത്. ഇതിനിടെ ഒരാൾ കേസുനൽകുകയും പ്രതി ജയിലിലാകുകയും ചെയ്തു. അഞ്ചുവർഷം കഴിഞ്ഞാണ് പ്രതി ജയിലിൽനിന്ന് ഇറങ്ങിയത്. നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ഇതുവരെ തുക ലഭിച്ചില്ലെന്നും പണം നഷ്ടപ്പെട്ടയാൾ പറഞ്ഞു. കാണിച്ച രേഖകൾ വ്യാജമാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.
ജയിലിൽനിന്ന് ഇറങ്ങിയതോടെ അബ്ബാസിയ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് തുടങ്ങിയ പ്രതി അവിടെയും നിരവധി പേരെ വഞ്ചിച്ചു. ഒരു കമ്പനിയിലേക്ക് ഐഫോൺ ആവശ്യമുണ്ടെന്നും ഇതിനായി പണം മുടക്കിയാൽ വലിയ ശതമാനം ലാഭം ലഭിക്കുമെന്നും പറഞ്ഞായിരുന്നു ഇവിടെ തട്ടിപ്പ്. പലരും ഇത് വിശ്വസിച്ച് പണം നൽകി. എന്നാൽ, ഇവർക്കും ഒന്നും തിരികെ ലഭിച്ചില്ല. അബ്ബാസിയയിലും ഖൈതാനിലുമുള്ള ചിലർക്ക് വൻ തുകകളാണ് നഷ്ടപ്പെട്ടത്.
കേസിനും നിയമനടപടികളിലേക്കും നീങ്ങിയാൽ പണം എപ്പോഴെങ്കിലും തിരിച്ചുകിട്ടും എന്ന പ്രതീക്ഷയും അസ്തമിക്കും എന്നതിനാൽ പലരും ആ വഴിക്ക് നീങ്ങാറില്ല. ഇതാണ് തട്ടിപ്പ് നടത്തുന്നയാൾക്ക് തണലാകുന്നത്. മലയാളികളാണ് കൂടുതൽ തട്ടിപ്പിനിരയാകുന്നത്. കുവൈത്തിലുള്ള പഴയ ആളുകൾക്ക് ഇപ്പോൾ പ്രതിയെക്കുറിച്ചും തട്ടിപ്പിനെക്കുറിച്ചും അറിവുണ്ട്. ഇതോടെ പുതുതായി എത്തുന്നവരെയാണ് പ്രതി ലക്ഷ്യംവെക്കുന്നത്. ചില ഉത്തരേന്ത്യക്കാരും ഇരകളായതായി അറിയുന്നു.
അറബിയും ഹിന്ദിയും മലയാളവും ഒഴുക്കോടെ സംസാരിക്കുന്ന പ്രതി കുവൈത്തിൽ ഏറെക്കാലമായി കഴിയുന്നയാളാണ്. അതുകൊണ്ടുതന്നെ പ്രവാസികളെ എളുപ്പത്തിൽ കെണിയിൽ വീഴ്ത്താൻ കഴിയുന്നു. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്നവർ, പലരിൽനിന്നും കടം വാങ്ങിയും മറ്റുമാണ് ഇയാൾക്ക് പണം നൽകുന്നത്.
പണം ആവശ്യപ്പെട്ട് വലിയ വാഗ്ദാനങ്ങളുമായി എത്തുന്ന മലയാളിയായ ഇയാളെ സൂക്ഷിക്കാൻ തട്ടിപ്പിനിരയായവർ മുന്നറിയിപ്പ് നൽകി. കൂടുതൽ പേർ വഞ്ചിക്കപ്പെടാതിരിക്കാൻ നിയമനടപടികളിലേക്കു നീങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.