കുവൈത്ത് സിറ്റി: അൽ സൂർ റിഫൈനറിയിൽ നിന്നുള്ള ആദ്യത്തെ ഖരസൾഫർ കയറ്റുമതി നടത്തിയതായി കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെ.ഐ.പി.സി) പ്രഖ്യാപിച്ചു.
കുവൈത്ത് പെട്രോളിയം കോർപറേഷന്റെ (കെ.പി.സി) സഹകരണത്തോടെയാണ് കയറ്റുമതി. 44,000 ടൺ ഖരസൾഫറാണ് കയറ്റുമതി നടത്തിയതെന്ന് കെ.ഐ.പി.സി വക്താവ് അബ്ദുല്ല അൽ അജ്മി പറഞ്ഞു. അൽ സൂർ റിഫൈനറി പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഏതാനും ദിവസത്തിനു ശേഷമാണ് ഈ നേട്ടം കൈവരിച്ചതെന്ന് അൽ അജ്മി കൂട്ടിച്ചേർത്തു. ര
ണ്ടാം ഘട്ടത്തിൽ ആഗോള എണ്ണ കയറ്റുമതിയുടെ അളവ് ഇരട്ടിയാക്കുകയും ആഗോള ഊർജ വിപണിയിൽ സ്വാധീനമുള്ള ഒരു സ്രോതസ്സായി അൽ സൂർ റിഫൈനറി സ്ഥാനംപിടിക്കുകയും ചെയ്തു. ഉയർന്ന പാരിസ്ഥിതിക സവിശേഷതകളുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ സുസ്ഥിര വിതരണത്തിന്റെ പ്രധാന ദാതാവ് എന്ന നിലയിലും റിഫൈനറി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
ഉൽപന്നങ്ങളുടെ ആഗോള കയറ്റുമതി കുവൈത്ത് എണ്ണവ്യവസായ ചരിത്രത്തിലെ ചരിത്രപരവും ശ്രദ്ധേയവുമായ നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കടലിന്റെ നടുവിൽ സ്ഥാപിച്ച ഏറ്റവും വലിയ കൃത്രിമ ദ്വീപിലൂടെയാണ് അൽ സൂർ റിഫൈനറി കയറ്റുമതി നടക്കുന്നത്. ലിക്വിഡ് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി രണ്ടു ലോഡിങ് പ്ലാറ്റ്ഫോമുകളും നാല് ഡോക്കുകളും ഉണ്ട്. ഖരസൾഫർ ഉൽപന്നം കയറ്റുമതി ചെയ്യുന്നതിനു പ്രത്യേക ഡോക്കും ദ്വീപിൽ സജ്ജീകരിച്ചിട്ടുണ്ട്. കടലിനടിയിലെ നാല് പൈപ്പ് ലൈനുകൾ വഴിയാണ് ദീപും അൽ സൂർ റിഫൈനറിയും ബന്ധിപ്പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ശുദ്ധീകരണശേഷി 2,05,000 ബാരലിൽനിന്ന് 4,10,000 ബാരലായി വർധിച്ചു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തോടെ പരമാവധി ശുദ്ധീകരണശേഷി 6,15,000 ബാരലിലെത്തും.
റിഫൈനറി പൂർണസജ്ജമാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.