യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളുമായി

കുവൈത്തിൽനിന്ന് വിമാനം പുറപ്പെടാനൊരുങ്ങുന്നു

യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷണവും അയച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച് കുവൈത്ത്. 33.5 ടൺ സഹായവസ്തുക്കളുമായി കുവൈത്ത് വ്യോമസേനയുടെ വിമാനം അബ്ദുല്ല അൽ മുബാറക് എയർബേസിൽനിന്ന് പുറപ്പെട്ടു.

കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക വിമാനത്തിൽ മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ചത്.

അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് യുക്രെയ്നിയൻ അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽസായിർ പറഞ്ഞു.

മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ 33.5 ടൺ വരുന്ന സാധനങ്ങളുമായാണ് പ്രത്യേക വിമാനം വ്യാഴാഴ്ച അബ്ദുല്ല അൽ മുബാറക് സൈനിക വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്.

അടിയന്തര സഹായം ആവശ്യമുള്ള രാജ്യങ്ങളിൽ, പ്രത്യേകിച്ച് മാനുഷിക പ്രതിസന്ധികളോ പ്രകൃതിദുരന്തങ്ങളോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്നതിൽ കുവൈത്തിന്റെ പ്രതിബദ്ധത ഡോ. ഹിലാൽ അൽ സായിർ ഊന്നിപ്പറഞ്ഞു.

ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കാര്യത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും നിലപാടുകളെ അഭിനന്ദിച്ച അദ്ദേഹം ദൗത്യം വിജയകരമാക്കിയതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും നന്ദി അറിയിച്ചു.  

Tags:    
News Summary - food to Ukraine people medicine and Kuwait sends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.