കുവൈത്ത് സിറ്റി: പൊതു സുരക്ഷ, നിയമലംഘകരെ പിടികൂടൽ, ക്രമസമാധാനം എന്നിവ ലക്ഷ്യമിട്ട് രാജ്യത്തുടനീളം ശക്തമായ പരിശോധന തുടരുന്നു. വെള്ളിയാഴ്ച മുബാറക് അൽ കബീർ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സബാഹ് അൽ സാലിം ഏരിയയിൽ വിപുലമായ സുരക്ഷാ കാമ്പയിൻ നടത്തി. വിവിധ നിയമലംഘകരെ പരിശോധനയിൽ പിടികൂടി. വ്യാഴാഴ്ച ആറ് ഗവർണറേറ്റുകളിലും വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഖൈത്താൻ, ഫർവാനിയ, അബ്ബാസിയ, മുത്ല, മഹ്ബൂല എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്ക്യൂ പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ്, വനിതാ പൊലീസ് എന്നിവ ഉൾപ്പെടുന്ന സംഘത്തിന്റെ ഏകോപനത്തിലാണ് മിക്കയിടത്തും പരിശോധന നടത്തുന്നത്. പലയിടത്തും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
രാജ്യത്തെ ക്രമസമാധാനപാലനത്തിന്റെ ഭാഗമാണ് പരിശോധനകളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടുന്നതിലൂടെ കുറ്റകൃത്യങ്ങൾ കുറക്കാനും അനധികൃത താമസക്കാരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഒരോ പ്രദേശങ്ങളിലേക്കുമുള്ള വഴികളിൽ സുരക്ഷാ വീഴ്ചയില്ലാതെ പഴുതടച്ചാണ് പരിശോധന. കാൽനടക്കാരെയും വാഹനങ്ങളിലും പരിശോധന ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.