കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് ഇൻസ്റ്റഗ്രാം പരസ്യം നൽകി നിരവധി പേരിൽനിന്ന് പണം വാങ്ങി മുങ്ങിയ പ്രതിപിടിയിൽ. നേരത്തെ പണം വാങ്ങിയ ശേഷം മുങ്ങിയയാളാണ് പിടിയിലായത്.
ഇയാളെ പിടികൂടിയതിനൊപ്പം ഹവല്ലി ഗവർണറേറ്റിലെ അന്വേഷണസംഘം 12 തട്ടിപ്പ് കേസുകൾക്കും തുമ്പുണ്ടാക്കി. ഗാർഹിക തൊഴിലാളികളുടെ സേവനങ്ങൾ നൽകുമെന്ന് കാണിച്ച് പ്രതി ഇൻസ്റ്റഗ്രാമിൽ പരസ്യം ചെയ്തിരുന്നു. ഇതിൽ ബന്ധപ്പെട്ടവർക്ക് തൊഴിലാളികളെന്ന് പറഞ്ഞ് ചിലരുടെ ഫോട്ടോകൾ അയച്ചുകൊടുത്തു. ശേഷം 500 ദീനാർ വരെ അഡ്വാൻസ് പേയ്മെന്റുകൾ വാങ്ങി.
എന്നാൽ പിന്നീട് ഇവരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതും അവരുടെ കാളുകളോട് പ്രതികരിക്കുന്നതും നിർത്തുകയുമായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറയുന്നു. കുവൈത്ത് പൗരന്മാർ വീട്ടുജോലിക്കാരെ അന്വേഷിക്കുന്നത് മുതലെടുത്താണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്. ഇതിനായി പ്രത്യേക ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിക്കുകയും വിവിധ ഗവർണറേറ്റുകളിലായി 12 തട്ടിപ്പുകൾ നടത്തിയതായും പ്രതി സമ്മതിച്ചു.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ചെലവഴിച്ചതായും പ്രതി പറഞ്ഞു. നിരവധി സംഭവങ്ങൾക്ക് ശേഷമാണ് അന്വേഷണം പ്രതിയുടെ അറസ്റ്റിലേക്കും നയിച്ചതെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.