കുവൈത്ത് സിറ്റി: കൊറോണ വൈറസ് മഹാമാരിയുമായി കുവൈത്ത് മല്ലിടുന്നതിനിടയിലാണ് 83കാരനായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി അധികാരമേറ്റത്. കോവിഡ് എണ്ണ വിലയിൽ കുത്തനെ ഇടിവുണ്ടാക്കുകയും ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്ത ഘട്ടമായിരുന്നു അത്.
എന്നാൽ, ഇതിൽ നിന്നെല്ലാം ശൈഖ് നവാഫിന്റെ ഭരണനേതൃത്വത്തിൽ രാജ്യം അതിവേഗം മോചിതമായി. സാമ്പത്തിക മുന്നേറ്റത്തിലൂടെ പുതിയ കുതിപ്പിലേക്ക് രാജ്യം പ്രവേശിക്കുന്നതിനും ഈ വർഷം സാക്ഷിയായി.
ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമ്പോൾ അദ്ദേഹം ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാനും പിന്തുടരാനും എന്നും ശ്രദ്ധയൂന്നി. സത്യപ്രതിജ്ഞക്കു ശേഷം നിയമനിർമാതാക്കൾ അമീറിനെ കരഘോഷത്തോടെ സ്വീകരിച്ചപ്പോൾ അദ്ദേഹം വികാരാധീനനായി പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘കുവൈത്തിലെ ജനങ്ങൾ തന്നിലേൽപിച്ച വിലയേറിയ ആത്മവിശ്വാസം കാത്തുസൂക്ഷിക്കും.
പിന്നീട് കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കുന്ന നായകനായും ആപത്തുകൾക്കും വെല്ലുവിളികൾക്കുമെതിരെ പ്രതിരോധം തീർത്തും അമീർ നിലകൊണ്ടു. മുൻഗാമികൾ ആരംഭിച്ച വികസന തുടർനടപടികൾ ശൈഖ് നവാഫിന്റെ ഭരണകാലത്തും മുന്നോട്ടുപോയി.
വികസനം, ദേശീയ കേഡർമാരുടെ കഴിവുകൾ വർധിപ്പിക്കൽ, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കൽ, യുവജനങ്ങളെ സംരക്ഷിക്കൽ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നീ മേഖലകളെ പിന്തുണക്കൽ എന്നിവക്ക് അമീർ ശ്രദ്ധ നൽകി. കുവൈത്തിന്റെ മാറ്റത്തിലും മുന്നേറ്റത്തിലും ഇത് വലിയ പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.