കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട ‘ഒരുമ’ ക്ഷേമനിധി അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സഹായധനം കൈമാറി. മലപ്പുറം പുലാമന്തോൾ സ്വദേശി ബാഹുലേയൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ അബ്രഹാം സാബു, പത്തനംതിട്ട കോന്നി സ്വദേശിയായ സജു വർഗീസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ ധനം കൈമാറിയത്.
ഒരുമ കുവൈത്ത് ചെയർമാൻ കെ.അബ്ദുറഹ്മാൻ, എം.കെ. അബ്ദുൽ ഗഫൂർ, എൻ.പി.മുനീർ, ജമാഅത്തെ ഇസ്ലാമി പുലാമന്തോൾ യൂനിറ്റ് സെക്രട്ടറി ഷബീർ അലി, യു.പി.മുഹമ്മദ് അലി, സബിത അബ്ദുൽ ഗഫൂർ എന്നിവർ ബാഹുലേയന്റെ വീട് സന്ദർശിക്കുകയും പിതാവിന് സഹായധനമായ രണ്ടു ലക്ഷം രൂപ കൈമാറിയതായും ഒരുമ കുവൈത്ത് അറിയിച്ചു.
സ്റ്റീഫൻ അബ്രഹാം സാബുവിന്റെ സഹോദരൻ ഫെബിൻ സാം സാബുവിന് സഹായ ധനമായ രണ്ടു ലക്ഷം രൂപ കൈമാറി. ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ല പ്രസിഡന്റ് എ.എം.എ. സമദ്, കോട്ടയം ജില്ല പീപ്ൾ ഫൗണ്ടേഷൻ ഇൻചാർജ് ഒ.എസ്.എ. കരീം എന്നിവർ ചേർന്ന് തുക കൈമാറി. സജു വർഗീസിന്റെ ഭാര്യ ബിന്ദു സജുവിന് മൂന്ന് ലക്ഷം ഇന്ത്യൻ രൂപയും കൈമാറി.
കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതിയാണ് ഒരുമ. മലയാളികളായ എല്ലാവർക്കും പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് ധന സഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. വർഷവും ഡിസംബറിലാണ് ഒരുമ അംഗത്വ കാമ്പയിൻ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.