കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് എയർലൈൻസ് ഈ മാസം 18 വരെയുള്ള സർവിസുകൾ റദ്ദാക്കി. ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് കാൻസലേഷന് സൗകര്യം ഉണ്ട്. എന്നാൽ, തുക മടക്കി നൽകൽ ആരംഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് വിമാന സർവിസ് റദ്ദാക്കാൻ കാരണം.
ഈ മാസാദ്യം മുതലാണ് സർവിസുകൾ അനിശ്ചിതത്വത്തിലായത്. മേയ് മൂന്നുമുതൽ അഞ്ചുവരെയാണ് ആദ്യം സർവിസുകൾ റദ്ദാക്കിയത്. തുടർ ദിവസങ്ങളിൽ സർവിസ് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അടുത്ത ഘട്ടത്തിൽ ഒമ്പതുവരെയും പിന്നീട് 18 വരെയും നീട്ടുകയായിരുന്നു.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമാണ് ഗോ ഫസ്റ്റ്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ഗോ ഫസ്റ്റ് സർവിസുകൾ നടത്തിയിരുന്നു. അവധിക്കാലം വരാനിരിക്കെ നിരവധിപേർ ഈ വിമാനത്തിന് കുവൈത്തിൽനിന്ന് മുൻകൂട്ടി ടിക്കറ്റ് എടുത്തിട്ടുണ്ട്.
തുടർച്ചയായി സർവിസുകൾ റദ്ദാക്കിയതോടെ പൂർണമായും നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കുവൈത്തിലെ കണ്ണൂർ സ്വദേശികൾ. ഗോ ഫസ്റ്റിന് പുറമെ ആഴ്ചയിൽ ഒരുദിവസം മാത്രമുള്ള എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസുള്ളത്.
അതേസമയം, ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് തിരക്കേറി. വ്യാഴാഴ്ചകളിൽ കണ്ണൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യയിലെ ഈ ആഴ്ചയിലെ ടിക്കറ്റുകൾ തീർന്നു. മേയ് പകുതിയോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ ടിക്കറ്റിന് ക്ഷാമം നേരിടും. ഗോ ഫസ്റ്റ് അനിശ്ചിതത്വം തുടരുന്നതിനാൽ എയർ ഇന്ത്യ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കണ്ണൂരിലേക്ക് ചെന്നൈ, മുംബൈ വഴി ഇൻഡിഗോ എയർലൈൻസ് സർവിസുണ്ട്. പണച്ചെലവും സമയനഷ്ടവും ഉള്ളതിനാൽ ഇവ ആരും തിരഞ്ഞെടുക്കാറില്ല. ഗോ ഫസ്റ്റ് സർവിസ് നിലച്ചാൽ എയർ ഇന്ത്യ കൂടുതൽ സർവിസുകൾ ആരംഭിച്ചില്ലെങ്കിൽ ഇത്തരം മാർഗങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുമെന്ന് കണ്ണൂർ സ്വദേശികൾ പറയുന്നു. വൻ നഷ്ടവും സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായി ഗോ ഫസ്റ്റ് വിമാനക്കമ്പനി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.