കുവൈത്ത് സിറ്റി: നിർത്തിവെച്ച ഗോ ഫസ്റ്റ് എയർലൈൻസ് സർവിസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഗോ ഫസ്റ്റ് കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമ ട്രൈബ്യൂണൽ അംഗീകരിച്ചതോടെ സർവിസ് വൈകാതെ പുനരാരംഭിക്കുമെന്ന സൂചന അധികൃതർ നൽകിയിരുന്നു. എന്നാൽ, വിമാനം റദ്ദാക്കിയ തീയതി ഈ മാസം 26 വരെ നീട്ടി. സർവിസ് എന്ന് പുനരാരംഭിക്കുമെന്നും വ്യക്തതയില്ല.
ഈ മാസം ആദ്യം മുതലാണ് ഗോ ഫസ്റ്റ് സർവിസുകൾ താളംതെറ്റിയത്. മേയ് മൂന്നു മുതൽ അഞ്ചുവരെയാണ് ആദ്യം സർവിസുകൾ റദ്ദാക്കിയത്. തുടർദിവസങ്ങളിൽ സർവിസ് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അടുത്ത ഘട്ടത്തിൽ ഒമ്പതുവരെയും പിന്നീട് 19 വരെയും നീട്ടുകയായിരുന്നു.
സർവിസ് റദ്ദാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് വൈകാതെ പണം റീഫണ്ട് ചെയ്യുമെന്നും യാത്ര റീഷെഡ്യൂൾ ചെയ്യാൻ ഇവർക്ക് അവസരമുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രധാന വിമാനമായ ഗോ ഫസ്റ്റ് സർവിസ് നിലച്ചത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.
ജൂൺ, ജൂലൈ മാസങ്ങളിലെ വെക്കേഷനും പെരുന്നാളും ഓണാഘോഷങ്ങളും കണക്കിലെടുത്ത് നിരവധി പേർ ഈ വിമാനത്തിൽ മുൻകൂട്ടി ടിക്കറ്റെടുത്തിട്ടുണ്ട്. സർവിസ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ് കണ്ണൂർ യാത്രക്കാർ.
ഗോ ഫസ്റ്റിനെ കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസുള്ളത്. ഇത് ആഴ്ചയിൽ ഒന്നു മാത്രമായതിനാൽ ടിക്കറ്റിന് തിരക്കേറി.
വെക്കേഷനായതിനാൽ മിക്കവരും കുടുംബത്തോടൊപ്പമാണ് നാട്ടിലേക്ക് യാത്രതിരിക്കുന്നത്. സീസണായതിനാൽ ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്. പെട്ടെന്ന് ടിക്കറ്റ് എടുക്കേണ്ടിവന്ന പലർക്കും വൻ നഷ്ടം തീർത്തിരിക്കുകയാണ്.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിലാണ് ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നത്. ഇത് നിലച്ചതോടെ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവിസുകൾ വേണമെന്ന് പ്രവാസി സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.