കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ ഭരണഘടന നടപടികളുടെ ഭാഗമായി മന്ത്രിസഭ രാജിവെച്ചു. ശനിയാഴ്ച മന്ത്രിസഭ യോഗത്തിനു ശേഷമാണ് നടപടി. പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സർക്കാറിന്റെ രാജിക്കത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. പുതിയ സർക്കാർ രൂപവത്കരണം വരെ നിലവിലുള്ള അംഗങ്ങൾ ചുമതല നിർവഹിക്കും. കുവൈത്ത് ഭരണഘടനയുടെ 57ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭയുടെ രാജി. തെരഞ്ഞെടുപ്പിന് പിറകെ ദേശീയ അസംബ്ലി അംഗത്തിനെയും കൂടി ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കൽ നിർബന്ധമാണ്.
ജനുവരി നാലിനാണ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചത്. 17ന് പ്രധാനമന്ത്രി പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ജനുവരി 29ന് ദേശീയ അസംബ്ലിയിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനിടെ മാർച്ച് 15ന് ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അമീർ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് രാജ്യത്തെ പുതിയ തെരഞ്ഞെടുപ്പിലേക്ക് നയിച്ചു. ഏപ്രിൽ നാലിന് തെരഞ്ഞെടുപ്പ് നടന്നതിന് പിറകെയാണ് ഭരണഘടന നടപടി പ്രകാരം രാജി.
ശനിയാഴ്ച ബയാൻ പാലസിൽ നടന്ന അസാധാരണ സമ്മേളനത്തിൽ ദേശീയ അസംബ്ലിയുടെ ആദ്യ റെഗുലർ സെഷൻ നടത്താൻ ആവശ്യപ്പെടുന്ന ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. 18ാം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ഏപ്രിൽ 17ന് നടത്താനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. 17ന് പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിനുമുമ്പ് പുതിയ സർക്കാർ രൂപവത്കരണവും പൂർത്തിയാകുമെന്നാണ് സൂചന. നിലവിലെ സർക്കാറിൽനിന്ന് വലിയ മാറ്റങ്ങൾ വരുന്ന സർക്കാറിലും ഉണ്ടാകാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.