കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വിപുലമായ ഒരുക്കമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. രാജ്യമാകെ കനത്തസുരക്ഷ മുൻകരുതലുകളും നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
8000ത്തിലേറെ വരുന്ന സുരക്ഷ ഉദ്യോഗസ്ഥരും 2000ത്തോളം വരുന്ന പട്രോൾ ടീമും ജാഗ്രതയിലാണ്. കുവൈത്ത് ഫയർ സർവിസ് ഡയറക്ടറേറ്റും ജാഗ്രതയിലാണ്. ആഘോഷപരിപാടികൾ നടക്കുന്ന 14 കേന്ദ്രങ്ങളിൽ താൽക്കാലിക എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സേന സജ്ജമാണ്.
അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം ഉൾപ്പെടെ കാര്യങ്ങളിൽ ട്രാഫിക് വിഭാഗത്തെ സഹായിക്കാനും അഗ്നിശമന സേനാംഗങ്ങൾ രംഗത്തുണ്ടാകുമെന്നും കെ.എഫ്.എസ്.ഡി അറിയിച്ചു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് ഗതാഗത പരിശോധനയിലോ സുരക്ഷ പരിശോധനയിലോ ഏതെങ്കിലും വിധത്തിലുള്ള ഇളവ് നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏതു സന്ദർഭത്തിലും നിയമം അനുസരിക്കാൻ സ്വദേശികളും വിദേശികളുമായ രാജ്യനിവാസികൾ ബാധ്യസ്ഥരാണ്.
ദേശീയ ദിനാഘോഷം പരിഗണിച്ച് പരിശോധനയിൽ അയവുവരുത്തുമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
വാർത്തകൾ നൽകുന്നതിനു മുമ്പ് ആധികാരികത പരിശോധിക്കണമെന്ന് അധികൃതർ മാധ്യമങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.