കുവൈത്ത് സിറ്റി: ഇറാഖിലെ ബസ്റയിൽ നടക്കുന്ന 25ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കുവൈത്ത് ദേശീയ ടീം തയാറെടുപ്പ് തുടങ്ങി. വെള്ളിയാഴ്ച ഇറാഖുമായി സൗഹൃദ മത്സരത്തിനിറങ്ങിയ കുവൈത്ത് ചാമ്പ്യൻഷിപ്പിന് പൂർണസജ്ജരാണെന്ന് തെളിയിച്ചു. ജനുവരി ആറു മുതൽ 19 വരെയാണ് ചാമ്പ്യൻഷിപ്. ഗൾഫ് കപ്പിൽ 10 തവണ കിരീടം ചൂടിയ കുവൈത്ത് പുതുവർഷം കിരീടനേട്ടത്തോടെ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. 1970, 1972, 1974, 1976, 1982, 1986, 1990, 1996, 1998, 2010 എന്നീ വർഷങ്ങളിലാണ് കുവൈത്തിന്റെ കിരീട നേട്ടങ്ങൾ. ഫുട്ബാളിൽ ഒരുകാലത്ത് മേഖലയിലാകെ ജ്വലിച്ചുനിന്ന രാജ്യമാണ് കുവൈത്ത്. എന്നാൽ, 2010 ലെ അവസാന കിരീടത്തിനുശേഷം വലിയ മുന്നേറ്റം നടത്താനായിട്ടില്ല. 2013ലെ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് അടുത്തിടെയുള്ള വലിയ നേട്ടം.
ഖത്തർ, സൗദി, ഇറാഖ്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, യമൻ എന്നിവയാണ് ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ. ബഹ്റൈനാണ് നിലവിലെ ജേതാക്കൾ. അവസാനമായി 2019ൽ ഖത്തറിലാണ് ചാമ്പ്യൻഷിപ് നടന്നത്. ഗ്രൂപ് ബിയിൽ ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവർ ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്ത്. ജനുവരി ഏഴിന് ഖത്തറുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 10ന് യു.എ.ഇയുമായും 13ന് ബഹ്റൈനുമായും ഏറ്റുമുട്ടും.
കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിന്റെ മത്സരങ്ങൾ കാണാനെത്തുന്ന കുവൈത്ത് പൗരന്മാർക്കുള്ള വിസ നിബന്ധനകൾ ഇറാഖ് റദ്ദാക്കി. ഇതോടെ വിസയില്ലാതെ കുവൈത്ത് പൗരന്മാർക്ക് ഇറാഖിലെത്തി കളികണ്ടു മടങ്ങാം. ടൂർണമെന്റിന്റെ കാലയളവിൽ കുവൈത്ത് പൗരന്മാരുടെ കാറുകൾക്ക് കസ്റ്റംസ്, ടാക്സ്, ഇൻഷുറൻസ് തീരുവ എന്നിവയിൽനിന്നും ഇളവ് നൽകുമെന്നും ബസ്റയിലെ കുവൈത്ത് കോൺസുലേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.