കുവൈത്ത്സിറ്റി: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയുള്ള പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. കുവൈത്തിൽ നിന്ന് ഏഴു വിദ്യാർഥികൾ മികച്ച സ്കോർ നേടി കാഷ് അവാർഡിനും സർട്ടിഫിക്കറ്റിനും അർഹരായി. ഇസാം തൽഹത്ത്, ഫിദ ആൻസി, മുഹമ്മദ് ഇബ്രാഹിം, ഫാദൽ കണ്ടപത്ത്, ആബിദ റഫീക്ക് ചിക്തേ, ശ്വേത, ഫിദ ലാഹിർ എന്നീ വിദ്യാർഥികളാണ് കുവൈത്തിൽ നിന്ന് നേട്ടം കൊയ്തത്.
ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് എജുകഫേയിൽ ഇവർക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്യും. ഒക്ടോബർ 14 ന് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടന്ന പരീക്ഷയിൽ 38 വിദ്യാർഥികൾ പങ്കെടുത്തിരുന്നു. അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് അടങ്ങിയിരുന്നത്. കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമായി നടന്ന പരീക്ഷയിൽ ആയിരത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
കുവൈത്ത് സിറ്റി: ഭാവിലോകത്തെ സ്വപ്നം കാണുന്ന പുതുതലമുറയുടെ കരുത്തുറ്റ ആശയങ്ങളുടെ മത്സരങ്ങൾക്ക് ‘ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് എജുകഫേ വേദിയാകും. വെള്ളി, ശനി ദിവസങ്ങളിലായി അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന വിദ്യാഭ്യാസ-കരിയർ മഹാമേളയിൽ എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മത്സരത്തിൽ കുവൈത്തിലെ വിവിധ സ്കൂളുകളെ പ്രതിനിധാനം ചെയ്ത് വിദ്യാർഥികൾ പങ്കെടുക്കും.
വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത ടീമംഗങ്ങളാണ് എജുകഫേ വേദിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുക. വിദ്യാർഥികൾ ഇതിനായുള്ള ഒരുക്കത്തിലാണ്. മികച്ച ആശയം അവതരിപ്പിക്കുന്ന ടീമിന് എജുകഫെ സമാപന വേദിയിൽ എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് സമ്മാനിക്കും.
തുടർ പഠന രംഗത്ത് ഓരോ വിദ്യാർഥികൾക്കും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാവുന്ന അഭിരുചി നിർണയ പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), പരീക്ഷകളെ നേരിടാനുള്ള ടിപ്സുകൾ, ചർച്ചകൾ, സംവാദങ്ങൾ തുടങ്ങി വിവിധ സെഷനുകളും എജുകഫെയിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകുന്ന ‘കരിയർ ക്ലിനിക്’ സംവിധാനവും എജുകഫേയിൽ ഉണ്ടാകും. വിവിധ കോഴ്സുകൾ, അവയുടെ സാധ്യതകൾ, യോഗ്യത, കോഴ്സ് വിവരങ്ങൾ തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന കരിയർ ചാർട്ടുകളും എജുകഫേയിലുണ്ടാകും. രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള പ്രത്യേക സെഷനും എജുകഫേയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.