കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നതതലത്തിൽ ചർച്ചയും ശ്രമങ്ങളും പുനരാരംഭിച്ചു. സുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, ജനസാന്ദ്രത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആസൂത്രണ ഉന്നതതല സമിതി സംഘടിപ്പിച്ച യോഗത്തിൽ മന്ത്രി ഡോ. റന അൽ ഫാരിസ്, നഗരാസൂത്രണ ഉപമേധാവി മുഹമ്മദ് അൽ സൗബി, എൻജിനീയർ അബ്ദുല്ല അൽ അക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ സ്ഥലം കണ്ടെത്തി ഭവനക്ഷേമ അതോറിറ്റിക്ക് കൈമാറി ഭവനപദ്ധതികൾ നടപ്പാക്കി ജലീബിൽനിന്ന് ആളുകളെ അങ്ങോട്ടു മാറ്റുകയെന്ന നിർദേശം ഗൗരവമായി പരിഗണിക്കുന്നുണ്ട്. 1400 സ്വകാര്യ ഭവനങ്ങൾ ഉൾക്കൊള്ളുന്ന അഞ്ചു സ്ഥലം കണ്ടെത്താനാണ് നീക്കം.
സമാന്തര വിപണി, വൈദ്യുതിമോഷണം, സ്വദേശി താമസ മേഖലയിൽ വിദേശി ബാച്ചിലർമാരുടെ താമസം തുടങ്ങിയ പ്രശ്നങ്ങളും ചർച്ചചെയ്തു.
ശദാദിയ സർവകലാശാല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്കു സമീപമുള്ള തന്ത്രപ്രധാന പ്രദേശം എന്ന നിലയിൽ ജലീബിനെ ഇന്നത്തെപ്പോലെ ചേരിക്ക് സമാനമായ വിദേശികളുടെ താമസകേന്ദ്രമായി തുടരാൻ അനുവദിക്കരുതെന്നാണ് തീരുമാനം.
പ്രദേശത്ത് താമസിക്കുന്ന വിദേശ തൊഴിലാളികളെ ഒഴിപ്പിച്ച് സർക്കാർ നിർമിക്കുന്ന ലേബർ സിറ്റിയിലേക്ക് മാറ്റാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ലേബർ സിറ്റി നിർമാണം എങ്ങുമെത്തിയില്ല.
അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത, കുറ്റകൃത്യങ്ങളുടെ ആധിക്യം, അനധികൃത താമസക്കാരുടെ സാന്നിധ്യം, വഴിവാണിഭം തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ജലീബ് നേരിടുന്നത്. നാലു ലക്ഷം വിദേശ തൊഴിലാളികർ താമസിക്കുന്ന പ്രദേശമാണ് അബ്ബാസിയ, ഹസാവിയ ഉൾപ്പെടുന്ന വിശാലമായ ജലീബ് മേഖല. മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലംകൂടിയാണിത്.
ജലീബിന്റെ ഭാഗമായ ഹസാവിയിലും മറ്റും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അനധികൃത താമസക്കാരുടെയും വഴിവാണിഭങ്ങളുടെയും കേന്ദ്രമാണ് ഹസാവി. ഉൾക്കൊള്ളാവുന്നതിലും എത്രയോ ഇരട്ടിയാണ് അബ്ബാസിയയിൽ താമസിക്കുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അബ്ബാസിയക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.