കുവൈത്ത് സിറ്റി: കുവൈത്തും ബ്രിട്ടനും തമ്മിലുള്ള 125 വർഷത്തെ ബന്ധം ഇനി മുബാറക്കിയ സൂഖിൽ മനോഹരചിത്രമായി കാണാം. ബ്രിട്ടീഷ് ചിത്രകാരി മേഗൻ റസ്സലും കുവൈത്ത് ചിത്രകാരൻ യൂസുഫ് സാലിഹുമാണ് ചരിത്രപ്രാധാന്യമുള്ള സൂഖിൽ ചിത്രം തീർത്തത്.
തലയിൽ കിരീടം പോലെയുള്ള തൂവലുകൾ ഉള്ള ഹുപ്പു പക്ഷിയുടെ ചിത്രമാണ് ഇരുവരും മനോഹരമായി പൂർത്തീകരിച്ചത്. അറബിക് അക്ഷരങ്ങളുടെ പശ്ചാത്തലത്തിൽ പൂക്കൾക്ക് നടുവിൽ തലഉർത്തി നിൽക്കുന്ന രൂപത്തിലാണ് സൃഷ്ടി. കുവൈത്തിൽ ദേശാടനക്കാലത്തിന്റെ തുടക്കത്തിൽ തന്നെ എത്തുന്ന പക്ഷികളിൽ ഒന്നാണ് ഹുപ്പു.
മനുഷ്യകുലവുമായി ബന്ധപ്പെട്ട പല പുരാണങ്ങളിലും സാഹിത്യ സൃഷ്ടികളിലും ഇടം പിടിച്ചിട്ടുള്ള പക്ഷിയുമാണ് ഹുപ്പു. പുരാതന ഈജിപ്തിൽ ഇവയെ ദിവ്യമായ പക്ഷിയായാണ് കണ്ടിരുന്നത്. ഖുർആൻ, ബൈബിൾ എന്നിവയിലും ഹുപ്പുകളെ പ്രതിപാദിച്ചു കാണാം.
കുവൈത്തിലെ ബ്രിട്ടീഷ് എംബസിയുടെ സഹകരണത്തോടെ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറാണ് (എൻ.സി.സി.എ.എൽ) ചടങ്ങ് സംഘടിപ്പിച്ചത്.
കലാകാരന്മാരുടെ സാംസ്കാരികവും കലാപരവുമായ മികവുകൾ ഉയർത്തുകയും പുതുമകളിലേക്ക് വെളിച്ചം വീശുകയുമാണ് ഇതുവഴി ലക്ഷ്യമെന്ന് എൻ.സി.സി.എ.എൽ ദേശീയ പ്രോജക്ട് മേധാവി അബ്ദുല്ല യാസീൻ പറഞ്ഞു. ആസ്ട്രേലിയ എംബസിയുടെ സഹകരണത്തോടെ സൂഖ് അൽ മുബാറക്കിയയിൽ രണ്ടാമത്തെ ചുവർചിത്രം വൈകാതെ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.