കുവൈത്ത് സിറ്റി: മ്യാന്മറിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ന്യായവും സുസ്ഥിരവുമായ പരിഹാരത്തിൽ എത്തിച്ചേരാൻ കുവൈത്ത് യു.എൻ പ്രത്യേക റിപ്പോർട്ടർ തോമസ് ആൻഡ്രൂസിനോട് ആവശ്യപ്പെട്ടു. മ്യാന്മറിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ചർച്ചയിൽ കുവൈത്ത് നയതന്ത്ര അറ്റാഷെ റഷീദ് അൽ അബൂലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിലെ ദുർബലരായ അഭയാർഥികളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെ അൽ അബൂൽ സ്വാഗതംചെയ്തു.
യുദ്ധവും അടിച്ചമർത്തലും കാരണം ലോകമെമ്പാടുമുള്ള അഭൂതപൂർവമായ കുടിയേറ്റത്തെ നേരിടാനുള്ള നല്ല ചുവടുവെപ്പായും നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചു. അഭയാർഥികളുമായി ഇടപഴകുന്നതിന് യു.എൻ ഹൈകമീഷണർ ഫോർ റെഫ്യൂജീസ് (യു.എൻ.എച്ച്.സി.ആർ), ബംഗ്ലാദേശ് ഗവൺമെന്റ്, യു.എസ് എന്നിവയുടെ ശ്രമങ്ങളെയും ശ്രമങ്ങളെയും കുവൈത്ത് അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മ്യാന്മറിലെ മനുഷ്യാവകാശലംഘനങ്ങൾ നിരീക്ഷിക്കുന്നതിലും അത് ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ആൻഡ്രൂസിന്റെ ശ്രമങ്ങളെയും അൽ അബൂൽ പ്രശംസിച്ചു. കഴിഞ്ഞ മാസം ആൻഡ്രൂസിന്റെ കുവൈത്ത് സന്ദർശനത്തിന്റെ നല്ല ഫലങ്ങൾ അൽ അബൂൽ സൂചിപ്പിച്ചു. യു.എൻ മനുഷ്യാവകാശ കൗൺസിലിനുള്ള പിന്തുണയിലൂടെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.