വിമാന യാത്രക്കുമുമ്പുള്ള പരിശോധന നമുക്ക് പരിചിതമാണ്. സുരക്ഷക്ക് വേണ്ടിയാണെന്ന തിരിച്ചറിവ് കൊണ്ട് എല്ലാവരും അതുമായി സഹകരിക്കുന്നവരാണ്. എന്നാൽ, മറ്റൊരു ചെക്കിങ്ങിനെ കുറിച്ചാണ് പറയാനുള്ളത്. പ്രത്യേകിച്ചും മലയാളികൾ, അതിലും പ്രത്യേകിച്ച് കാസർകോട്ടുകാര്‍ നേരിടുന്നത്. സ്വർണക്കടത്ത് കണ്ടുപിടിക്കാനെന്ന വിശദീകരണത്തോടെ നടത്തുന്ന ചില പരിശോധനകൾ എല്ലാവിധ അതിരുകളും കൈവിടുന്നതാണ്. ഗൾഫിൽ നിന്നും വരുന്നതല്ലേ, മലയാളിയല്ലേ, കാസർകോട്ടുകാരല്ലേ എന്ന നിലയിലാണ് പലപ്പോഴും പരിശോധനകൾ. ഇത് പലപ്പോഴും സ്ത്രീകളെ അടക്കം വിവസ്ത്രരാക്കിയുള്ള പരിശോധനകളിലേക്ക് നീളുന്നു.
മറ്റൊരാളുടെ മുന്നിൽ നഗ്നയായി നിൽക്കേണ്ടിവരുക എന്നത് മനുഷ്യരെ സംബന്ധിച്ച് ഏറെ അപമാനകരമായ ഒന്നാണ്. എന്നാൽ, സ്ത്രീകളെ പോലും വെറും സംശയത്തിന്റെ പേരിൽ പലപ്പോഴും ഇത്തരം പരിശോധനകൾക്ക് വിധേയരാക്കുന്നു. ഒരു സ്ത്രീയെ നഗ്നയാക്കി നിർത്തുക, അത് മറ്റൊരു സ്ത്രീയുടെ മുന്നിലാണെങ്കിൽ പോലും ആ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ക്രൂരതയാണ്. ആധുനിക കാലത്ത് എല്ലാത്തരം സ്ക്രീനിങ്ങുകളും സാധ്യമാണ്. അതിനാൽ തുണിയുരിച്ച് പരിശോധിക്കുന്ന രീതി അവസാനിപ്പിക്കണം. അടുത്തിടെ എന്റെ ബന്ധുവിന് മംഗലാപുരം യാത്രക്കിടെ നേരിട്ട അനുഭവം അസ്വസ്ഥപ്പെടുത്തുന്നതാണ്. എമിഗ്രേഷനും കഴിഞ്ഞ് ലഗേജുമെടുത്ത യാത്രക്കാരിൽ ചിലരെ പാസ്പോർട്ടിലെ അഡ്രസ് നോക്കി വീണ്ടും പരിശോധന നടത്തി. ഇതിനിടെ ബസർ മുഴങ്ങി. തുടർന്ന് വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാൽ, ബസർ മുഴങ്ങിക്കൊണ്ടേയിരുന്നു. ഇതിനിടെ യാത്രക്കാരൻ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ ഭയപ്പെടുത്തി നിശ്ശബ്ദയാക്കുന്നു. അവസാനം യാത്രക്കാരൻ ഒരു സംശയം പ്രകടിപ്പിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥയുടെ കൈയിലെ മോതിരവും വാച്ചും ബസറിന് കാരണമാകുന്നുണ്ടോ? എന്നാൽ, അവർ വഴക്കുപറഞ്ഞ് നിയമ ലംഘനത്തിന് ഭീഷണി മുഴക്കി. ഇതിനിടെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒടുവിൽ യാത്രക്കാരന്റെ നിർബന്ധത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥയുടെ മോതിരവും വാച്ചും അഴിച്ചുമാറ്റി പരിശോധന തുടർന്നപ്പോൾ ബസർ ശബ്ദം നിലച്ചു. ഇത്തരം പരിശോധനകളിൽ വ്യക്തികൾക്ക് ഉണ്ടാകുന്ന മാനസിക വിഷമത്തിൽ എന്ത് പരിഹാരമാണ് നൽകാനാകുക. ആധുനിക കാലത്ത്, ലോകം തന്നെ കാമറ കണ്ണിൽ നിലനിൽക്കുമ്പോൾ, ഇത്തരം വൃത്തികെട്ട രീതികൾ അവസാനിപ്പിക്കേണ്ടതുണ്ട്. പരിശോധനകളിൽ നാടും പ്രദേശങ്ങളും നോക്കി മുൻവിധികളോടെയുള്ള ഉദ്യോഗസ്ഥരുടെ പൊരുമാറ്റവും അവസാനിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.