കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആരോഗ്യ ജീവനക്കാർക്ക് തിരിച്ചുവരാൻ അനുമതി നൽകണമെന്ന് മന്ത്രിസഭയോട് അഭ്യർഥിച്ച് ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ആരോഗ്യജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
നേരത്തെ അവധിക്ക് പോയവർക്ക് തിരിച്ചുവരാൻ കഴിയാത്തതും ഡോക്ടർമാരും നഴ്സുമാരും ടെക്നീഷ്യൻമാരും അടക്കം നിരവധി പേർ രാജിവെച്ചതും പ്രശ്നം സൃഷ്ടിച്ചു. പുതിയ റിക്രൂട്ട്മെൻറുകൾക്കും ഇപ്പോൾ പരിമിതിയുണ്ട്. അതുകൊണ്ട് വിദേശികളുടെ പ്രവേശന വിലക്ക് ബാധകമാക്കാതെ ആരോഗ്യ ജീവനക്കാർക്ക് വരാൻ അനുവദിക്കണമെന്ന ആവശ്യമാണ് ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നിൽ വെച്ചത്.
മതിയായ വിധത്തിൽ ആരോഗ്യ ജീവനക്കാരെ ലഭിക്കാതെ വന്നാൽ പ്രതിരോധ കുത്തിവെപ്പ് ദൗത്യം അവതാളത്തിലാകുമെന്ന ആശങ്കയുമുണ്ടെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ രിദ പറഞ്ഞു. ആൾക്ഷാമം കാരണം കനത്ത ജോലിഭാരമാണ് നിലവിലുള്ള ആരോഗ്യ ജീവനക്കാർ അനുഭവിക്കുന്നത്.
മണിക്കൂറുകളോളം പി.പി.ഇ കിറ്റിനുള്ളിൽതന്നെ കഴിച്ചുകൂട്ടുന്നതിനാൽ ഭക്ഷണം ഉൾപ്പെടെ പ്രാഥമികവശ്യങ്ങൾപോലും യഥാസമയത്ത് നിർവഹിക്കാനാകാതെ പ്രയാസപ്പെടുന്നു.
ഒരുവിഭാഗം ആരോഗ്യ ജീവനക്കാർക്ക് ക്വാറൻറീനിൽ പോവേണ്ടി വരുന്നത് ബാക്കിയുള്ളവരുടെ ജോലിഭാരം ഇരട്ടിപ്പിക്കുന്നു. കുടുംബം കൂടെയില്ലാതെ ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന ജീവനക്കാർക്ക് നാട്ടിൽ വാർഷികാവധിക്ക് പോകാനുള്ള അനുമതി അനന്തമായി നീളുകയാണ്.
ജോലിഭാരം വർധിച്ചതിെൻറ കൂടെ ഇതുകൂടി വന്നപ്പോൾ കടുത്ത മാനസിക സമ്മർദത്തിലാണ് ഭൂരിഭാഗം പേരും കഴിയുന്നത്. അതിനിടെ കഴിഞ്ഞ മാസം പ്രത്യേക വിമാനങ്ങളിൽ 400ലേറെ ആരോഗ്യ ജീവനക്കാരെ ഇന്ത്യയിൽനിന്ന് കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.