കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അൽ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനവും ദുഃഖവും അറിയിച്ച് ഇന്ത്യ. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് എന്നും ആശ്വാസം നൽകുന്നവരാണ് കുവൈത്ത് ഭരണനേതൃത്വം. നയതന്ത്രപരമായി ഇന്ത്യയും കുവൈത്തും തമ്മിൽ പതിറ്റാണ്ടുകളുടെ അടുത്ത സൗഹൃദമുണ്ട്. അമീറിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഭരണനേതൃത്വവും പ്രവാസി സമൂഹവും അനുശോചനവും ദുഃഖവും വ്യക്തമാക്കി.
നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിരുന്നു. അമീറിനോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം ആചരിച്ചു. ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക വിനോദപരിപാടികൾ റദ്ദാക്കുകയുമുണ്ടായി.
രാജ്യസഭ അനുശോചിച്ചു
ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യൻ രാജ്യസഭ തിങ്കളാഴ്ച അനുശോചിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള അടുത്ത സൗഹൃദ ബന്ധത്തെ രാജ്യസഭ ചെയർമാൻ പരാമർശിച്ചു. അമീറിന്റെ നിര്യാണം സൃഷ്ടിച്ച ദുഃഖ വേളയിൽ കുവൈത്തിലെ രാജകുടുംബത്തിനും ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും ഐക്യദാർഢ്യം അറിയിച്ചു. കുവൈത്തിന് നഷ്ടമായത് അതിന്റെ സമൃദ്ധിക്ക് സംഭാവന നൽകിയ മഹാനായ നേതാവിനെയാണ്. ഒപ്പം ഇന്ത്യൻ സമൂഹത്തിനു അദ്ദേഹത്തിൽനിന്നു ലഭിച്ചിരുന്ന കരുതലും ശ്രദ്ധയും നഷ്ടപ്പെട്ടെന്നും വ്യക്തമാക്കി.
പെട്രോളിയം പ്രകൃതി വാതക മന്ത്രി അനുശോചിച്ചു
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി കുവൈത്ത് അമീര്‍ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിനെയും രാജകുടുംബത്തെയും അനുശോചനം അറിയിച്ചു. മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് മന്ത്രി ഹർദീപ് സിങ് പുരി സന്ദര്‍ശിച്ചു. അമീറിന്റെ മരണത്തിൽ നേരിട്ടു അനുശോചനം അറിയിക്കാൻ ഇന്ത്യന്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ചാണ് ഹർദീപ് സിങ് പുരി കുവൈത്തിലെത്തിയത്.
വിദേശകാര്യ മന്ത്രി കുവൈത്ത് indiഎംബസി സന്ദർശിച്ചു
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ന്യൂഡൽഹിയിലെ കുവൈത്ത് എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് മുൻ അമീർ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ഇന്ത്യൻ സർക്കാറും ജനങ്ങളും എപ്പോഴും ഓർക്കുമെന്ന് ഡോ.എസ്.ജയശങ്കർ പറഞ്ഞു. വിദേശകാര്യസഹമന്ത്രി വി.മുരളീധരനും ന്യൂഡൽഹിലെ കുവൈത്ത് എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. ശൈഖ് നവാഫ് ഇന്ത്യയുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വലിയ സുഹൃത്തായിരുന്നെന്ന് വി.മുരളീധരൻ വ്യക്തമാക്കി.
ഇന്ത്യൻ അംബാസഡർ ഡോ.ആദര്‍ശ് സ്വൈക
കുവൈത്ത് ജനതക്കും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും വലിയ നഷ്ടം -അംബാസഡര്‍
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അൽ അസ്സബാഹിന്റെ വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദര്‍ശ് സ്വൈക അനുശോചിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് യത്നിച്ച ദീർഘവീക്ഷണമുള്ള നേതാവിനെയാണ് കുവൈത്തിന് നഷ്ടമായതെന്നും അമീറിന്റെ കാലത്ത് ഇന്ത്യ-കുവൈത്ത് ബന്ധം ശക്തമായിരുന്നുവെന്നും അംബാസഡര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു കുവൈത്ത് അമീര്‍. ശൈഖ് നവാഫിന്റെ നിര്യാണം കുവൈത്ത് ജനതക്കും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ്. കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഡോ.ആദര്‍ശ് സ്വൈക പറഞ്ഞു.
നേരത്തേ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മൗന പ്രാർഥന നടത്തിയിരുന്നു. കുവൈത്തിലെ വിവിധ സംഘനകളും സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പ്രവാസികളും മൗനപ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.