കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സുഗമമായി പുരോഗമിക്കുന്നു. പത്തുലക്ഷത്തിനടുത്ത് ആളുകൾക്ക് ഇതിനകം വാക്സിൻ നൽകി.
പെരുന്നാളിന് ശേഷം ഭാഗിക കർഫ്യൂ പിൻവലിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുമെന്ന് സൂചനയുണ്ട്. പരമാവധി പേർക്ക് പെെട്ടന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
വാക്സിൻ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം. സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 65 വയസ്സിന് മുകളിലുള്ളവരിൽ രജിസ്റ്റർ ചെയ്തവരുടെ കുത്തിവെപ്പ് പൂർത്തിയായിട്ടുണ്ട്.
ബാങ്ക് ജീവനക്കാർ, മസ്ജിദ് ജീവനക്കാർ, സഹകരണ സംഘം ജീവനക്കാർ തുടങ്ങി വിവിധ സെക്ടറുകളിലുള്ളവർക്ക് പ്രത്യേക ക്യാമ്പ് നടത്തിയും മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ജോലി സ്ഥലത്തെത്തിയും കുത്തിവെപ്പെടുക്കുന്നുണ്ട്.
22 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത്. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ഇതിന് പുറമെയാണ്.
ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താലേ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും മുഴുവൻ രാജ്യനിവാസികളും എത്രയും വേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിക്കുന്നു.
അതേസമയം, ഭാഗിക കർഫ്യൂ നിലവിലുള്ള അവസ്ഥയിലും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുതൽതന്നെയാണ്. 1400നടുത്താണ് ശരാശരി പ്രതിദിന കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.