കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിൽ തകർന്നടിഞ്ഞ ഇറാഖിെൻറ പുനരുദ്ധാരണത്തിന് കുവൈത്തിെൻറ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത സഹായ ഉച്ചകോടിക്ക് പ്രൗഢോജ്ജ്വല തുടക്കം. വിവിധമേഖലയിലെ വിദഗ്ധരുടെ ചർച്ചയായിരുന്നു ഒന്നാംദിവസത്തെ പ്രധാന അജണ്ട. യുദ്ധത്തിൽ മൊത്തമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും സമാധാനവും സുസ്ഥിരതയും സ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. 75 ഐ.എസ് വിരുദ്ധ സഖ്യരാഷ്ട്രങ്ങളും 2000ത്തോളം കമ്പനിപ്രതിനിധികളും തിങ്കളാഴ്ച മുതൽ നടക്കുന്ന മൂന്നുദിവസത്തെ ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. രണ്ടാംദിവസത്തിൽ ഇറാഖ് പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അജണ്ടയാവും. കുർദിസ്താൻ മേഖലയിലേതുൾപ്പെടെ 212 പദ്ധതികളാണ് മുന്നിലുള്ളത്. മൂന്നാംദിവസത്തെ കൂടിച്ചേരൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്യും.
യു.എൻ സെക്രട്ടറി ജനറൽ, ലോകബാങ്ക്, യൂറോപ്യൻ യൂനിയൻ തലവന്മാർ, ഇറാഖ് പ്രധാനമന്ത്രി എന്നിവർ സംബന്ധിക്കും. ഒാരോ രാജ്യവും പുനരുദ്ധാരണപദ്ധതിയിലേക്കുള്ള തങ്ങളുടെ വിഹിതവും മൂന്നാം ദിവസം പ്രഖ്യാപിക്കും. രാഷ്ട്രപ്രതിനിധികൾക്കുപുറമെ സ്വകാര്യ കമ്പനികളെയും വ്യാപാരപ്രമുഖരെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഇറാഖിെൻറ പുനരുദ്ധാരണത്തിന് പരമാവധി തുക സമാഹരിക്കാനാണ് കുവൈത്ത് പരിശ്രമിക്കുന്നത്. 50 രാജ്യങ്ങളിൽനിന്നുള്ള 900 ബിസിനസ് പ്രമുഖർ ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. ഇവർ കാര്യമായ തുക ഇറാഖ് പുനരുദ്ധാരണത്തിന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.