കുവൈത്ത് സിറ്റി: ഇറാനെതിരെ നടത്തിയ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചും, മേഖലയുടെ സുരക്ഷ അപകടത്തിലാക്കിയും, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചും ഇസ്രായേൽ അധിനിവേശ സേന പിന്തുടരുന്ന അരാജകത്വ നയമാണ് ആക്രമണം പ്രതിഫലിപ്പിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മേഖലയുടെ ഭാവിക്കും ജനങ്ങൾക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണം.
പ്രാദേശിക സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിന് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആത്മാർഥമായ നടപടികൾ കൈക്കൊള്ളണമെന്നും കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സുരക്ഷ കൗൺസിലിനോടും (യു.എൻ.എസ്.സി) ആഹ്വാനം ചെയ്തു. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.15ഓടെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയത്.
തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നു. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇറാൻ ആർമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.