ഇന്ത്യന്‍ ജനത എക്കാലവും സ്‌നേഹവും ആദരവും നല്‍കിയ മഹാനായ നേതാവ് ജവഹര്‍ലാല്‍ നെഹ്റുവിെൻറ 132ാം ജന്മസ്മരണയിൽ ഇന്ത്യന്‍ ജനാധിപത്യത്തിെൻറ അടിസ്ഥാന ശിലയായ സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകിയ അദ്ദേഹത്തെ അടുത്തറിയേണ്ടത് നമ്മുടെ കടമയാണ്. നവഭാരത ശില്‍പിയായ അദ്ദേഹം ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവും വരുംനൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്തദര്‍ശിയുമാണ്. മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിപ്പിച്ച നേതാവ്.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതില്‍, പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും കലക്കും സംവാദങ്ങള്‍ക്കും ഇടമൊരുക്കിയതില്‍ നെഹ്റുവിെൻറ പങ്ക് നിര്‍ണായകമാണ്. ബഹുസ്വരതയിലും ശാസ്ത്രബോധത്തിലും മാനവിക മൂല്യങ്ങളിലും ഊന്നിയുള്ള ശാസ്ത്ര വികാസമാണ് അദ്ദേഹം വിഭാവനം ചെയ്തത്. കോര്‍പറേറ്റുകളുടെ വില്‍പനച്ചരക്കായ, കമ്പോളവസ്തുവായ സയന്‍സിനെയല്ല അദ്ദേഹം സ്‌നേഹിച്ചത്. സുതാര്യമായ ജനാധിപത്യ സംവാദങ്ങളും സഹിഷ്ണുതയുടെയും മാനവികതയുടെയും സന്ദേശങ്ങളുമായിരുന്നു അവ നല്‍കിയത്. ചരിത്രത്തിൽനിന്ന് നെഹ്റുവിനെ തമസ്കരിക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുവെന്നത് ഗൗരവതരമാണ്. യുക്തിചിന്തയുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും മാനവികതയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ട നെഹ്റുവിയന്‍ ചിന്തകള്‍ തമസ്കരിക്കുന്നത് ദൂരവ്യാപക പ്രതിഫലനം സൃഷ്ടിക്കും.
'എന്നെ വെറുതെ വിടരുത്' എന്ന് മാധ്യമങ്ങളോട് പറയുന്ന ഒരു പ്രധാനമന്ത്രിയില്‍നിന്ന് 'മാധ്യമങ്ങള്‍ക്ക് എന്തും പറയാനുള്ള അവകാശമില്ലെ'ന്ന മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു പ്രധാനമന്ത്രിയിലേക്കുള്ള ദൂരം ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ഗതി അടയാളപ്പെടുത്തുന്നു. നെഹ്റുവിനെ വിസ്മരിക്കുക എന്നത് ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ പ്രവർത്തനമാണ്.
അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും ജനാധിപത്യത്തെയുമാണ് അതുവഴി അവർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. നെഹ്റു പണിതുയർത്തിയ ഇന്ത്യ ജനാധിപത്യ ഇന്ത്യയാണ്. ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണഘടനാ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ജനാധിപത്യ സമൂഹം നിലവിൽ വരാനാവശ്യമായ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലും അദ്ദേഹം കർമനിരതനായി. നെഹ്റുവിനെ ആഴത്തിൽ പഠിക്കേണ്ടത് വർത്തമാന ഇന്ത്യയുടെയും കടമയാണ്. അതുല്യനായ ആ ജനാധിപത്യ മതേതരത്വ സംരക്ഷകെൻറ ഓർമകൾക്കുമുന്നിൽ ആയിരം വർണപ്പൂക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.