കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കിടയിൽ കറൻസി ആവശ്യകതകൾ ഓർത്ത് ഇനി ടെൻഷൻ വേണ്ട. ഇത്തരം ഘട്ടങ്ങളിൽ യാത്രക്കാർക്ക് പ്രത്യേക സേവനം ജസീറ എയർവേസും ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനിയും (ബി.ഇ.സി) ചേർന്ന് അവതരിപ്പിച്ചു. ‘ട്രാവൽകാഷ്’ എന്ന പേരിൽ ജസീറ എയർവേസ് യാത്രക്കാർക്ക് ബി.ഇ.സി വഴി എളുപ്പത്തിൽ വിദേശ കറൻസികൾ ലഭ്യമാക്കുന്നതാണ് പദ്ധതി.
ജസീറ എയർവേസിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമുള്ള കറൻസിയും തുകയും ഇതുവഴി തിരഞ്ഞെടുക്കാം. യാത്രക്ക് തൊട്ടുമുമ്പ് ബി.ഇ.സി ശാഖകളിൽനിന്നോ ജസീറ ടെർമിനൽ 5ൽ നിന്നോ പണം എടുക്കാനും കഴിയും.
വേഗത്തിലും സുരക്ഷിതമായും ചെലവ് കുറഞ്ഞതുമായ രീതിയിൽ പണം കൈമാറ്റത്തിന് ഇത് സഹായിക്കുന്നു. ഉപയോഗിക്കാത്ത കറൻസി 30 ദിവസത്തിനുള്ളിൽ അതേ നിരക്കിൽ തിരികെ നൽകാനും അവസരമുണ്ട്.
യാത്രക്കാർക്കായി ഈ പ്രത്യേക സംവിധാനം ഒരുക്കുന്നതിൽ ജസീറ എയർവേസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കൃഷ്ണൻ ബാലകൃഷ്ണൻ സന്തുഷ്ടി പ്രകടിപ്പിച്ചു. ജസീറ നിലവിൽ 60 ലധികം സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. ‘ട്രാവൽകാഷ്’വഴി യാത്രക്കാർക്ക് ലളിതമായി കറൻസി കൈമാറ്റം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്ക് സൗകര്യപ്രദമായ അനുഭവം പ്രദാനം ചെയ്യുന്നതിൽ ജസീറ എയർവേസുമായി സഹകരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ബി.ഇ.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മാത്യൂസ് വർഗീസ് പറഞ്ഞു. ബി.ഇ.സിക്ക് നിലവിൽ കുവൈത്തിൽ ഉടനീളം 60ലധികം ശാഖകളുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി 200 ലധികം രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും സുരക്ഷിതമായും വേഗത്തിലും പണം അയക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.