കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യ ഭക്ഷണരുചികൾ തുടങ്ങിയവ ഒരേ കുടക്കീഴിൽ ഒരുക്കുന്ന ‘ലിറ്റിൽ വേൾഡ്’ എക്സിബിഷന് ബുധനാഴ്ച തുടക്കമാകും. മിശിരിഫ് എക്സിബിഷൻ സെന്റർ ഏരിയയിൽ ഹാൾ നമ്പർ ആറിന് സമീപത്തുള്ള തുറസ്സായ സ്ഥലത്താണ് എക്സിബിഷൻ.
കുവൈത്ത്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, യൂറോപ്പ്, തുർക്കിയ, ഈജിപ്ത്, ജി.സി.സി രാജ്യങ്ങൾ തുടങ്ങിയവയുടെ 14 ഓളം പവിലിയനുകൾ മേളയിലുണ്ടാകും. വിനോദ കായിക പരിപാടികൾക്കായുള്ള പ്രത്യേക എന്റർടെയിൻമെന്റ് ഏരിയയും കുട്ടികൾക്കുള്ള ഫൺഫെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഭക്ഷണശാലകൾ ആകർഷകമാണ്.
സന്ദർശകർക്കായി മിനി മൃഗശാലയും ഉണ്ടാകും. സർക്കാർ സംവിധാനമായ കുവൈത്ത് ഇന്റർ നാഷനൽ ഫെയർ അതോറിറ്റിയാണ് പദ്ധതി അവതരിപ്പിക്കുന്നത്. ദുബൈ ഗ്ലോബൽ വില്ലേജിൽ വിവിധ പവിലിയനുകൾ ഒരുക്കിയ വേഗ ഇന്റർ നാഷനൽ എക്സിബിഷൻസ് ആണ് മുഖ്യസംഘാടകർ.
ഇന്ത്യ പവിലിയനും മേളയിലുണ്ടാകും. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മണി മുതൽ രാത്രി പത്തുവരെയുമാണ് സന്ദർശന സമയം. മാർച്ച് ഒന്ന് വരെ നീളുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
വേഗ ഇന്റർ ട്രേഡ് ദുബൈ സി.ഇ.ഒ ടോണി, ബാറാകാത്ത് എക്സിബിഷൻ ജി.എം അനിൽ ബേപ്പ്, പി.ആർ.ഒ അബ്ദുൽ റഹ്മാൻ, ലിറ്റിൽ വേൾഡ് ഓപറേഷൻ മാനേജർ ഫിർദൗസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആദ്യമായി കുവൈത്തിൽ ഇത്തരമൊരു സംരംഭവുമായി സഹകരിക്കുന്ന കുവൈത്ത് ഇന്റർനാഷനൽ ഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ നാസറിനോടുള്ള നന്ദി ടോണി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.