കുവൈത്ത് സിറ്റി: ഇന്ന് ആരംഭിക്കുന്ന കുവൈത്ത് ഇന്റർനാഷനൽ ബുക്ക് ഫെയറിൽ മലയാള സാന്നിധ്യമായി കോഴിക്കോട് ഫാറൂഖ് കോളജ് പങ്കെടുക്കും. പ്രമുഖ കുവൈത്ത് എഴുത്തുകാരി ഡോ. സുആദ് സബാഹിന്റെ എട്ട് കവിത സമാഹാരങ്ങളുടെ വിവർത്തനങ്ങളുമായാണ് ഫാറൂഖ് കോളജ് എത്തുന്നത്.
ഫാറൂഖ് കോളജ് അറബി ഗവേഷണകേന്ദ്രത്തിന്റെ കീഴിലാണ് ഇവയുടെ മലയാള വിവർത്തനങ്ങൾ പൂർത്തിയാക്കിയത്. നവംബർ 21വൈകീട്ട് ഏഴിന് കുവൈത്ത് ഇന്റർനാഷനൽ ബുക്ക് ഫെയറിലെ ദാർ സുഅദ് അൽ സബാഹ് പവിലിയനിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
ഡോ. സുആദ് സബാഹിന്റെ കൃതികളായ‘റോസാപ്പൂക്കളുടെയും തോക്കുകളുടെയും സംഭാഷണം’- ഡോ. മുഹമ്മദ് ആബിദ് യു.പി, ‘കുരുവികൾക്ക് കവിത എഴുതുന്ന നഖങ്ങളുണ്ട്’-ഡോ.അബ്ദുൽ ജലീൽ. എം,‘നിനക്കുമാത്രമെൻ ഗദ്യവും പദ്യവും’-ഡോ.അബ്ബാസ് കെ.പി,‘ആദിയിൽ പെണ്ണുണ്ടായിരുന്നു’-ഹാസിൽ മുട്ടിൽ, ‘പ്രണയ ലിഖിതങ്ങൾ’,‘എന്റെ നാട്ടിലേക്കുള്ള അടിയന്തര സന്ദേശങ്ങൾ-ഡോ.കെ.സബീന,‘പെണ്ണ് കവിതയാണ്.
കവിത പെണ്ണും’-ഫൈറൂസ റാളിയ, ‘ചക്രവാളത്തിനുമപ്പുറം’ -ആയിഷത്ത് ഫസ്ന എന്നിവരാണ് വിവർത്തനം ചെയതത്.കുവൈത്തിലെ പ്രസാധകരായ ‘ദാർ സുആദ് അൽ സബാ ഹും’ ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗവും സഹകരിച്ചാണ് ഡോ.സുആദ് സബാഹിന്റെ കവിതസമാഹാരങ്ങളുടെ വിവർത്തനങ്ങൾ പുറത്തിറങ്ങുന്നത്. ഡോ. അബ്ബാസ് കെ.പി ആണ് വിവർത്തന പ്രോജക്ട് കോഓഡിനേറ്റർ.
ദാർ സുആദ് അൽ സബാഹിന്റെ അതിഥികളായി ഡോ. മുഹമ്മദ് ആബിദ് യു.പി, ഡോ.അബ്ബാസ് കെ.പി എന്നിവർ കുവൈത്തിലെത്തും.കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്ട്സ് ആൻഡ് ലിറ്ററേച്ചറാണ് കുവൈത്തിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള സർക്കാർ സ്ഥാപനങ്ങളെയും പ്രസാധകരെയും പങ്കെടുപ്പിച്ച് ഫെയർ സംഘടിപ്പിക്കുന്നത്.
ഈമാസം 20 മുതൽ 30വരെ മിഷ്രെഫ് കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിലാണ് പുസ്തകമേള. 31 രാജ്യങ്ങളിൽനിന്ന് 544 പ്രസിദ്ധീകരണശാലകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.