കുവൈത്ത് സിറ്റി: കോവിഡ് മൂലം നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട മലയാളികൾക്കായി കേരള ഇസ്ലാമിക് ഗ്രൂപ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം ബുധനാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെട്ടു. 10 കുട്ടികളും 31 സ്ത്രീകളുമടക്കം 175 യാത്രക്കാരടങ്ങുന്ന സംഘം ഇൻഡിഗോ വിമാനത്തിലാണ് യാത്രയായത്. യാത്രാരേഖകളും മറ്റ് അനുബന്ധ അനുമതികളും മുൻകൂട്ടി ഉറപ്പുവരുത്തിയതിനാലും കെ.െഎ.ജി വളൻറിയർമാരുടെ മാർഗനിർദേശവും സഹായവും ഉണ്ടായിരുന്നതിനാലും മുഴുവൻ യാത്രക്കാർക്കും പ്രതിബന്ധങ്ങളില്ലാതെ യാത്രതിരിക്കാൻ സാധിച്ചു. സീസേഴ്സ് ട്രാവൽസുമായി സഹകരിച്ചാണ് കെ.െഎ.ജി ഡോക്യുമെേൻറഷൻ പൂർത്തിയാക്കിയത്. കുവൈത്ത് സമയം ഉച്ചക്ക് രണ്ടുമണിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെത്തി. യാത്രക്കാരിൽ ഗർഭിണികളും രോഗികളും പ്രായമായവരും ജോലി നഷ്ടപ്പെട്ടവരും സന്ദർശക വിസയിൽ വന്നവരും വിദ്യാർഥികളുമുണ്ട്.
മുഴുവൻ യാത്രക്കാർക്കും 2000 ഇന്ത്യൻ രൂപ പാരിതോഷികം നൽകിയാണ് കെ.ഐ.ജിയുടെ വളൻറിയർമാർ യാത്രയാക്കിയത്. വെറുംകൈയോടെ നേരെ ക്വാറൻറീനിലേക്ക് പോകുന്ന യാത്രക്കാർക്ക് പാരിതോഷിക തുക അത്യാവശ്യ ചെലവുകൾക്കും മറ്റും ഉപകരിക്കുമെന്നതിനാൽ ഏറെ സന്തോഷം നൽകി.
നാട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകരുടെ സഹായവും ആവശ്യക്കാർക്ക് ക്വാറൻറീൻ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കെ.െഎ.ജി വാർത്തക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ മുഹമ്മദ് സാജിദ്, സി.കെ. നജീബ്, ഷംസീർ ഉമ്മർ, ഷഫീർ അബൂബക്കർ, റിഷ്ദിൻ അമീർ, ഫൈസൽ ബാബു, ആസിഫ് പാലക്കൽ, ജലീൽ, കെ.പി. യൂനുസ്, മുഹമ്മദ് ശിബിലി, നിസാർ മർജാൻ, ഫൈസൽ കണ്ണൂർ, ആരിഫലി ഒറ്റപ്പാലം, സകരിയ, സലിം വണ്ടൂർ എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കെ.ഐ.ജി പ്രഖ്യാപിച്ച ചാർട്ടേഡ് വിമാനങ്ങൾ വെള്ളിയാഴ്ച കുവൈത്തിൽനിന്ന് യാത്ര പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.