കുവൈത്ത് സിറ്റി: ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുസ്ഥിതി ഉറപ്പുവരുത്താൻ സാധിക്കുന്ന സമഗ്രവും സാർവകാലികവുമായ ജീവിതദർശനമാണ് ഇസ്ലാമിക ശരീഅത്തെന്നും ശരീഅത്ത് പരിഷ്കരണമല്ല, ശരിയായ പ്രയോഗവത്കരണമാണ് ആധുനികകാലത്തിന്റെ നേട്ടമെന്നും കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫഹാഹീൽ സോൺ സംഗമം അഭിപ്രായപ്പെട്ടു. വിവാഹം, അനന്തരാവകാശം, ശിക്ഷാവിധികൾ എന്നിവയിലൊതുങ്ങുന്നതല്ല ഇസ്ലാമിക ശരീഅത്ത്.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ നാനാതലങ്ങളിൽ ജീവിതത്തിന്റെ സകല കർമമണ്ഡലങ്ങളുമായും സംവദിക്കുന്നതാണ് ശരീഅത്ത് നിയമങ്ങൾ. മനുഷ്യന്റെ പ്രകൃതവും വ്യക്തിയുടെ ആവശ്യങ്ങളും സമൂഹത്തിന്റെ പൊതുനന്മയും പരിഗണിച്ചുള്ള ദൈവികനിയമങ്ങളായതിനാൽ അത് നിത്യപ്രസക്തമാണ്.
അടിസ്ഥാനതത്ത്വങ്ങളിൽനിന്ന് വ്യതിചലിക്കാതെ പുതിയ സമസ്യകളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും സാധിക്കുംവിധമാണ് ശരീഅത്തിന്റെ നിയമഘടന.
ശരീഅത്തിന്റെ പ്രയോഗപൂർണത വിശ്വാസബന്ധിതമാണ്. അതിന്റെ തത്ത്വങ്ങളും മൂല്യങ്ങളും നടപ്പാക്കുക വഴി സമൂഹത്തിനു സുരക്ഷയും ക്ഷേമവും സ്വായത്തമാക്കാൻ സാധിക്കുമെന്ന് ശരീഅത്തും ആധുനിക സമൂഹവും എന്ന പാനൽ ഡിസ്കഷനിൽ പങ്കെടുത്തുകൊണ്ട് പ്രഭാഷകർ വിശദീകരിച്ചു. ഫഹാഹീൽ സൂഖ് സബാഹിലെ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ ഉദ്ഘാടനം ചെയ്തു.
പി.എൻ. അബ്ദുറഹ്മാൻ, അബ്ദുസ്സലാം സലാഹി, കെ.സി. നജീബ്, അശ്റഫ് എകരൂൽ, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഫഹാഹീൽ സോൺ പ്രസിഡൻറ് അബൂബക്കർ കോയ അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി അൻവർ കാളികാവ് സ്വാഗതവും ഫഹാഹീൽ യൂനിറ്റ് ജനറൽ സെക്രട്ടറി തൻവീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.