കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സെപ്റ്റംബറിൽ അഞ്ചു ദശലക്ഷം ദീനാർ ലാഭമുണ്ടാക്കിയതായി മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2019 സെപ്റ്റംബറിൽ പത്തു ദശലക്ഷം ദീനാർ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവിസുകൾ നിലച്ചതിനാൽ കനത്ത നഷ്ടം നേരിട്ടു. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് വിമാന സർവിസുകൾ സജീവമായത് ഇൗ വർഷം ആഗസ്റ്റ് മുതലാണ്.
വിമാനത്താവളം തുറന്നതും ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലായതുമാണ് സെപ്റ്റംബറിലെ ലാഭത്തിനു കാരണം. സർവിസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. നഷ്ടത്തിലുള്ള കമ്പനി 2021 വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോവിഡ് പ്രതിസന്ധി എത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ 2019ൽ കുതിപ്പുണ്ടായിരുന്നു. പിന്നീടാണ് കോവിഡ് വരുന്നത്. അടുത്ത വർഷവും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അടിയന്തര ഘട്ടത്തിൽ സ്പെയർ പാർട്സുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് എയർവേസ് ഏഴ് അറബ് എയർലൈനുകളുമായി ധാരണയിലെത്തി. കുവൈത്ത് എയർവേസ് ചെയർമാൻ അലി അൽ ദുക്കാൻ കുവൈത്ത് വാർത്ത ഏജൻസിയോട് അറിയിച്ചതാണിത്.
ഖത്തറിൽ നടന്ന അറബ് എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ജനറൽ അസംബ്ലിക്കിടെയാണ് ധാരണയായതെന്ന് അദ്ദേഹം പറഞ്ഞു. കാർബൺ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.