കുവൈത്ത് സിറ്റി: പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള പിന്തുണ, സംഘർഷങ്ങൾ ഒഴിവാക്കാൻ സംഭാഷണവും നയതന്ത്ര പരിഹാരങ്ങളും തുടങ്ങിയ വിഷയങ്ങളിൽ കൈകോർത്ത് കുവൈത്തും ജോർഡനും. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രണ്ടു ദിവസത്തെ ജോർഡൻ സന്ദർശന ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം കുറക്കുന്നതിനും സൈനിക വർധന തടയുന്നതിനും പ്രാദേശിക സംഘർഷങ്ങൾക്ക് ന്യായവും ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ ഏർപ്പെടുത്തുക, സാധാരണക്കാരെ സംരക്ഷിക്കുക, ഗസ്സക്ക് മാനുഷിക സഹായം എത്തിക്കുക, യുദ്ധത്തിന്റെ വ്യാപനം തടയുക, റഫയിലേക്കുള്ള നുഴഞ്ഞുകയറ്റം നിരസിക്കുക തുടങ്ങിയ പ്രമേയം അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും (യു.എൻ.എസ്.സി) ആവശ്യപ്പെട്ടു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയവും മുന്നോട്ടുവെച്ചു.
ചൊവ്വാഴ്ചയാണ് ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ജോർഡനിലെത്തിയത്. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും മറ്റു മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ അമീർ ബുധനാഴ്ച കുവൈത്തിലേക്ക് മടങ്ങി.
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ജോർഡനിലെ പരമോന്നത ബഹുമതിയായ `അൽഹുസൈൻ ബിൻ അലി നെക്ലേസ്'. ബസ്മാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങില്‍ ജോര്ഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ അമീറിന് ബഹുമതി കൈമാറി. അമീറിന്റെ ജോര്ഡൻ സന്ദർശനത്തിനിടെയായിരുന്നു `അൽഹുസൈൻ ബിൻ അലി നെക്ലേസ്' കൈമാറ്റം. ജോർഡനിലെ ഏറ്റവും ഉയർന്ന സിവിലിയൻ മെഡലാണ് `അൽഹുസൈൻ ബിൻ അലി നെക്ലേസ്'. മേഖലയിലേയും രാജ്യാന്തര തലത്തിലേയും പുരോഗതികള്‍, മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങള്‍ എന്നിവയും കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.