ദേശീയ-വിമോചന ദിനാഘോഷം; കുവൈത്ത് ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: പാതയോരങ്ങളിൽ നിരന്നു നിൽക്കുന്ന ദേശീയ പതാകകൾ, വിവിധ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിൽ ഒരുക്കിയ അലങ്കാരങ്ങൾ, മാളുകളിലും വൻ കെട്ടിടങ്ങളിലും നിറങ്ങളാൽ പ്രഭചൊരിഞ്ഞ വെളിച്ചക്കൂട്ടുകൾ, വിവിധ പരിപാടികൾ, മത്സരങ്ങൾ...കുവൈത്ത് ആഘോഷമാസത്തിലാണ്. ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഹല ഫെബ്രുവരിയിൽ. ഫെബ്രുവരി 25, 26 തീയതികളിലാണ് ദേശീയ വിമോചന ദിനാഘോഷങ്ങൾ. ഇതിനായുള്ള ഒരുക്കത്തിലാണ് രാജ്യവും ജനങ്ങളും.

കുവൈത്ത് മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീനിൽ ആഘോഷങ്ങളുടെ ഹൈലൈറ്റാണ്. 1,200 ചതുരശ്ര മീറ്റർ സ്‌ക്രീൻ നായിഫ് പാലസിന്റെ കവലയിലാണ്. രാത്രിയും പകലും സ്‌ക്രീനിൽ അമീറിന്റെയും കുവൈത്തിന്റെയും ചിത്രങ്ങൾ തെളിയും. ആഘോഷത്തിന്‍റെ ഭാഗമായി ഔദ്യോഗിക കെട്ടിടങ്ങള്‍, പ്രധാന റോഡുകള്‍ തുടങ്ങിയവ അലങ്കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങൾ കുവൈത്തിന്റെ ദേശീയ പതാകകളാൽ നിറയും. വിവിധങ്ങളായ കലാ- സാംസ്കാരിക പരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും.

വാട്ടർ ബലൂണുകൾ എറിഞ്ഞാൽ പിഴയും തടവും

ആഘോഷവേളകളിൽ വാട്ടർ ബലൂണുകൾ കൊണ്ടുള്ള കളി വേണ്ട. വാട്ടർ ബലൂൺ ഉപയോഗം പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ഇവ എറിഞ്ഞാൽ 5,000 ദീനാർ വരെ പിഴയോ മൂന്ന് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണെന്ന് പരിസ്ഥിതി പൊലീസ് അറിയിച്ചു. ആഘോഷങ്ങളിൽ കുട്ടികളെ സംരക്ഷിക്കാനും നിയമം പാലിക്കാനും പരിസ്ഥിതി പൊലീസ് അഭ്യർത്ഥിച്ചു.

ദേശീയ ആഘോഷം കുവൈത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും സന്തോഷകരമായ നിമിഷമാണ്.

ആഘോഷവേളയിൽ പലരും വാട്ടർ ബലൂണുകൾ എറിയുകയും വെളുത്ത പത പരസ്പരം തളിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ആഘോഷങ്ങളിൽ പത തളിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു. ആഘോഷവേളയിൽ വെള്ളം പാഴാക്കുന്നതിനെതിരെ നേരത്തേ വൈദ്യുതി-ജല മന്ത്രാലയം ബോധവത്കരണ കാമ്പയിനും ആരംഭിച്ചിരുന്നു.



ശുചീകരണ സംവിധാനങ്ങളുമായി മുനിസിപ്പാലിറ്റി

ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി പൊതു ശുചീകരണ സംവിധാനങ്ങളുടെ ഫീൽഡ് പ്ലാൻ വികസിപ്പിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പരിപാടികൾ നടത്തുന്ന സ്ഥലങ്ങളും സൈറ്റുകളും വൃത്തിയാക്കി ഞായറാഴ്ച മുതൽ പദ്ധതി ആരംഭിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് ഫെബ്രുവരി മാസം മുഴുവൻ തുടരും.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ വസ്തുക്കളും തെരുവുകളിൽനിന്ന് നീക്കം ചെയ്യും. വഴിയോരക്കച്ചവടക്കാരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പരിശോധന ശക്തമാക്കും. നിയമലംഘനത്തിന് നോട്ടീസ് നൽകും.

ദേശീയ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കണ്ടെയ്‌നറുകൾ വിതരണം ചെയ്യും. ബീച്ചുകൾ, മറീന മാൾ, ഗ്രീൻ ഐലൻഡ് എന്നിവിടങ്ങളിലെ തീരദേശ മേഖലയിൽ ഹവല്ലി ഗവർണറേറ്റിലെ ശുചിത്വ മാനേജ്‌മെൻ്റ് ടീം ഫീൽഡ് കാമ്പെയ്ൻ ആരംഭിച്ചു. കൂടുതൽ തൊഴിലാളികളെയും ഇതിനായി വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Kuwait is getting ready to celebrate National-Liberation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.