കുവൈത്ത് സിറ്റി: ആഹ്ലാദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ രാജ്യം 63മത് ദേശീയ ദിനം ആഘോഷിച്ചു. ആഘോഷദിനത്തിൽ തെരുവുകൾ നിറഞ്ഞ ജനക്കൂട്ടം മാതൃരാജ്യത്തിന്റെ കൊടിയടയാളങ്ങൾ വീശി ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടു. അധിനിവേശത്തിന്റെ ദുസ്സഹമായ കൂട്ടിൽനിന്ന് വിമോചനത്തിന്റെ സ്വതന്ത്രമായ ആകാശത്തേക്ക് ചിറക് വിരിക്കുകയും ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കഥ അവർ പരസ്പരം പങ്കുവെച്ചു.
ഞായറാഴ്ച രാജ്യത്തുടനീളം വിപുലആഘോഷങ്ങൾ നടന്നു. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. ഗൾഫ് സ്ട്രീറ്റും അതിലേക്കുള്ള വഴികളും ദേശീയ പതാകകളുടെ സാന്നിധ്യങ്ങളാൽ നിറഞ്ഞു. കെട്ടിടങ്ങളിലും വീടുകളിലും വാഹനങ്ങളിലും ദേശീയ പതാക പാറിപ്പറന്നു. ഓരോ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു. വിവിധ മാളുകളും ഷോപ്പിങ് സെന്ററുകളും ദേശീയ ദിനത്തിന്റെ ഭാഗമായി. ദേശീയ പതാകയുമായി കൊച്ചുകുട്ടികളും റോഡുകളും തെരുവുകളും കൈയടക്കി. പരസ്പരം കെട്ടിപ്പിടിച്ച് ഏവരും സന്തോഷം പങ്കിട്ടു. ദേശസ്നേഹം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ എല്ലായിടങ്ങളിലും സംഘടിപ്പിക്കുകയുണ്ടായി. പ്രവാസി സമൂഹവും ആഘോഷത്തിന്റെ ഭാഗമായി. തിങ്കളാഴ്ച വിമോചന ദിനമാണ്. ഇറാഖ് അധിനിവേശത്തിൽനിന്ന് കുവൈത്ത് മോചിതമായതിന്റെ വാർഷിക ദിനം. ഈ ദിവസവും അവിസ്മരണീയ ആഘോഷങ്ങളാൽ കുവൈത്ത് കൊണ്ടാടും.
ആശംസയുമായി ഗൂഗ്ൾ ഡൂഡിൽ
കുവൈത്ത് സിറ്റി: ദേശീയ ദിനത്തിൽ കുവൈത്തിന് ആശംസകളുമായി ഗൂഗ്ള്‍. ഗൂഗ്ൾ ഹോം പേജ് ഡൂഡിൽ കുവൈത്ത് പതാക പ്രദര്‍ശിപ്പിച്ചാണ് ഗൂഗ്ൾ കുവൈത്തിന് ആശംസകൾ അറിയിച്ചത്. കുവൈത്തിന്റെ ആഘോഷത്തിൽ പങ്കു ചേർന്ന് ദിവസം മുഴുവൻ ഗൂഗ്ൾ ഹോം പേജിൽ ഇത് നിലർത്തി. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനരീതിയില്‍ ഗൂഗ്ള്‍ കുവൈത്ത് പതാക കൊണ്ട് സെർച് എൻജിൻ ഹോം പേജ് അലങ്കരിച്ചിരുന്നു.
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എയർ ഷോ തിങ്കളാഴ്ച വൈകീട്ട് നാലിന്. കുവൈത്ത് ടവര്‍ പരിസരത്താണ് എയര്‍ ഷോ. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് എയർ ഷോ നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഞായറാഴ്ചയിലെ ഷോ ഒഴിവാക്കിയിരുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസം കാണാന്‍ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങൾ കുവൈത്ത് ടവര്‍ പരിസരത്തെത്തും.
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനങ്ങളിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ.ബ്ലിങ്കൻ അഭിനന്ദിച്ചു. കുവൈത്തിന്റെ ദേശീയ ദിനത്തിലും വിമോചന ദിനത്തിലും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും കുവൈത്ത് ജനതക്കും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ആഴത്തിലുള്ള സൗഹൃദത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. പുതിയ അമീറിന്റെ നേതൃത്വത്തിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ യു.എസ് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് സിറ്റി: ദേശീയ ദിനത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസെം അൽ ബുദൈവിയും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയും ജനങ്ങളെയും അഭിനന്ദിച്ചു.
ഈ രണ്ട് ദിനങ്ങളും കുവൈത്തിലെ ജനങ്ങൾക്ക് സവിശേഷമാണെന്ന് അൽ ബുദൈവി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച അൽ ബുദൈവി ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും, ഗൾഫ് മേഖലയിലും ലോകമെമ്പാടുമുള്ള സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും കുവൈത്തിന്റെ പങ്കും ചൂണ്ടിക്കാണിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐ.സി.എഫ് സാൽമിയ മദ്റസ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഘോഷ യാത്ര, ദേശീയ ഗാനാലാപനം മറ്റു വിവിധ പരിപാടികൾ എന്നിവ ആഘോഷ ഭാഗമായി നടന്നു.
ഇന്ത്യൻ പ്രവാസി സമൂഹത്തിന് കുവൈത്ത് ഭരണാധികാരികൾ നൽകുന്ന പിന്തുണക്കും സഹകരണങ്ങൾക്കും നന്ദിയും കടപ്പാടും ഉണ്ടായിരിക്കണമെന്നും ഈ രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കാനും അഖണ്ഡത മുറുക്കെപ്പിടിക്കാനും നാം ബാധ്യസ്ഥരാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉണർത്തി.
സമീർ മുസ്ലിയാർ, ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട് എന്നിവർ ആശംസകൾ അറിയിച്ചു. ഐ.സി.എഫ് സിറ്റി സെൻട്രൽ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുസ്സലാം സ്വാഗതവും, മദ്റസ സെക്രട്ടറി റാഷിദ് ചെറുശോല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.