കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനങ്ങൾ അടുത്തതോടെ രാജ്യം ആഘോഷങ്ങളുടെ തിരക്കുകളിലേക്ക്. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. ഇതിനെ വരവേൽക്കാനായി വിവിധ പരിപാടികൾക്ക് തുടക്കമിട്ടുകഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നിട്ടുണ്ട്. വലിയ കെട്ടിടങ്ങളിൽ ദേശീയ പതാകയുടെ നിറങ്ങൾ അലങ്കരിച്ചു കഴിഞ്ഞു.
ഫെബ്രുവരി ഒന്നിന് ബയാൻ പാലസിൽ പതാക ഉയർത്തിയതോടെ ആഘോഷത്തിന് ഔപചാരിക തുടക്കമായിരുന്നു. എല്ലാ മാളുകളിലും, ബീച്ചിലും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആഘോഷങ്ങൾ നടന്നു. വിനോദ പരിപാടികളും ആഘോഷഭാഗമായി ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയെ വകവെക്കാതെയാണ്, സന്തോഷം പങ്കിടാൻ ആളുകൾ മാളിലേക്കും ബീച്ചിലേക്കും ഒഴുകിയെത്തുന്നത്.
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ച് സന്ദർശകർക്കായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ സലീം കൾച്ചറൽ സെന്റർ (എ.എസ്.സി.സി) അറിയിച്ചു. 23 മുതൽ 27 വരെ ‘നവോത്ഥാനം’ എന്ന പേരിൽ പ്രത്യേക കലാപ്രദർശനം കേന്ദ്രത്തിൽ സംഘടിപ്പിക്കും.
ആധുനിക നവോത്ഥാനത്തിന്റെ പിതാവ് എന്നു വിളിപ്പേരുള്ള അന്തരിച്ച അമീർ ശൈഖ് അബ്ദുല്ല അൽ സലീം അസ്സബാഹിനോടുള്ള ബഹുമാനാർഥമാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നും എ.എസ്.സി.സി അറിയിച്ചു. കവി ബദർ ബൗറിസ്ലിയുടെ സാന്നിധ്യവും കേന്ദ്രത്തിലുണ്ടാകും. ദേശഭക്തി കവിത പാരായണത്തിന് വേദി ഒരുക്കും. റോക്കറ്റ് നിർമാണം, സുഗന്ധദ്രവ്യ നിർമാണം, മറ്റു വിനോദങ്ങൾ എന്നിങ്ങനെ യുവാക്കളെ ലക്ഷ്യമിട്ട് ശാസ്ത്രീയവും വിനോദപ്രദവുമായ വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. ദേശീയ അവധി ദിവസങ്ങളിൽ രണ്ടു മണി മുതൽ രാത്രി എട്ടുവരെ സന്ദർശകർക്ക് പ്രവേശനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.