ജാസിം അൽ ബുദൈവി

കുവൈത്ത് യുക്രെയ്ന് 20 ലക്ഷം ഡോളർ സഹായം നൽകും

കുവൈത്ത് സിറ്റി: യുദ്ധക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്ന യുക്രെയ്ന് കുവൈത്ത് 20 ലക്ഷം ഡോളർ സഹായം നൽകും. ശനിയാഴ്ച പോളണ്ടിൽ നടന്ന യുക്രെയ്ൻ സഹായ ഉച്ചകോടിയിലാണ് കുവൈത്ത് സഹായവാഗ്ദാനം നൽകിയത്. കുവൈത്തിന്റെ ബെൽജിയം, യൂറോപ്യൻ യൂനിയൻ, നാറ്റോ കാര്യ അംബാസഡർ ജാസിം അൽ ബുദൈവി ഓൺലൈനായി യോഗത്തിൽ സംബന്ധിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശമനുസരിച്ചാണ് സഹായം പ്രഖ്യാപിച്ചത്.

വിവിധ അന്താരാഷ്ട്ര ഏജൻസികൾ വഴിയാണ് സഹായം ലഭ്യമാക്കുക. അഞ്ചു ലക്ഷം ഡോളർ അഭയാർഥികൾക്കായുള്ള യു.എൻ ഹൈകമീഷണർ വഴിയും അഞ്ചു ലക്ഷം ഡോളർ വേൾഡ് ഫുഡ് പ്രോഗ്രാം വഴിയും രണ്ടരലക്ഷം ഡോളർ ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വഴിയും രണ്ടര ലക്ഷം ഡോളർ ലോകാരോഗ്യ സംഘടന വഴിയും രണ്ടര ലക്ഷം ഡോളർ യു.എൻ ചിൽഡ്രൻസ് ഫണ്ട് വഴിയും രണ്ടു ലക്ഷം ഡോളർ അന്താരാഷ്ട്ര റെഡ് ക്രോസ് വഴിയും നൽകും. യുക്രെയ്ൻ ജനതക്ക് കുവൈത്ത് നേരത്തേ നേരിട്ട് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു.

33.5 ടൺ സഹായവസ്തുക്കളാണ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുവൈത്ത് വ്യോമസേന വിമാനത്തിൽ എത്തിച്ചത്. യുക്രെയ്നിന്റെ സ്വാതന്ത്ര്യത്തിനും തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കുവൈത്ത് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Tags:    
News Summary - Kuwait to provide $ 2 million in aid to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.