കുവൈത്ത് സിറ്റി: സുഡാനിലെ വെള്ളപ്പൊക്കവും ആഭ്യന്തര സംഘർഷവും ബാധിച്ച ആളുകൾക്ക് സഹായവുമായി കുവൈത്തും തുർക്കിയയും.
ഇരു രാജ്യങ്ങളും സംയുക്തമായി അയച്ച 2,500 ടൺ സഹായവസ്തുക്കളുമായി ദുരിതാശ്വാസ കപ്പൽ സുഡാൻ തുറമുഖത്തെത്തി. 2.1 മില്യൺ ഡോളർ വിലമതിക്കുന്ന 2,500 ടൺ സഹായവുമായാണ് കപ്പലെത്തിയത്. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് നൽകിയ 2,000 ടണ്ണും ടർക്കിഷ് ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ നൽകിയ 500 ടണ്ണും വസ്തുക്കളാണ് കപ്പലിലുള്ളത്. കുവൈത്ത് സുഡാനിലേക്ക് അയച്ച ഏറ്റവും വലിയ സഹായ കപ്പലാണ് ഇത്.
തുറമുഖത്ത് എത്തിയ കപ്പലിനെ സുഡാനിലെ സാംസ്കാരിക- ഇൻഫർമേഷൻ മന്ത്രി ഡോ. ഗർഹാം അബ്ദുൽ ഖാദർ, ഗതാഗത മന്ത്രി അബൂബക്കർ അൽ ഖാസിം, ഖർത്തൂമിലെ കുവൈത്ത് എംബസിയുടെ ചുമതലയുള്ള തുർക്കിയ അംബാസഡർ മുഹമ്മദ് അൽ ഹമദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന വേളയിൽ സുഡാന് നൽകുന്ന തുടർച്ചയായ പിന്തുണയിൽ കുവൈത്തിനും തുർക്കിയക്കും സുഡാൻ അധികാരികൾ നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതുവരെ കുവൈത്ത് സുഡാനൊപ്പം നിൽക്കുമെന്ന് അംബാസഡർ മുഹമ്മദ് അൽ ഹമദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.