കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വശങ്ങളെ കുറിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹ്, ഇന്റർനാഷനൽ കോഓപറേഷൻ ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റ് റിഫോം കമ്മിറ്റിയിലെ ചൈനീസ് ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി.
ഇരുവിഭാഗവും നടത്തിയ കൂടിക്കാഴ്ചയിൽ ചൈനയുമായുള്ള വിശിഷ്ട ബന്ധം അവലോകനം ചെയ്തതായി കുവൈത്ത് സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ചൈന സന്ദർശനവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയും ഇരുവിഭാഗവും സൂചിപ്പിച്ചു. സാമ്പത്തിക ബന്ധങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, പുനരുപയോഗ ഊർജം, തുറമുഖങ്ങൾ തുടങ്ങി നിരവധി മേഖലകൾ ഉൾക്കൊള്ളുന്ന ഏഴ് സംയുക്ത കരാറുകളിൽ സന്ദർശനത്തിൽ ഒപ്പുവെച്ചിരുന്നു.
കരാറുകൾ നടപ്പാക്കുന്നതിനും പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെയും പ്രാധാന്യം പ്രതിരോധ മന്ത്രി ഉണർത്തി. സെയ്ഫ് പാലസിൽ നടന്ന യോഗത്തിൽ മന്ത്രിമാരും കുവൈത്തിലെ ചൈനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുഭാഗത്തുമുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.