കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷത്തിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന സുഡാന് കുവൈത്തിന്റെ കൂടുതൽ സഹായം. കുവൈത്ത് എയർബ്രിഡ്ജിന്റെ ഭാഗമായി ആംബുലൻസുകളും ടെന്റുകളും അടങ്ങുന്ന സഹായം സുഡാനിലെത്തിച്ചു.
കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ സഹായത്തോടെ നൂറുകണക്കിന് ടെന്റുകളും ആവശ്യമായ മറ്റു വസ്തുക്കളുമായി ആറാമത്തെ സഹായവിമാനം തിങ്കളാഴ്ച സുഡാനിലെത്തിയിരുന്നു. ഇതിനു പിറകെ ചൊവ്വാഴ്ച കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) രണ്ട് ആംബുലൻസുകളും അയച്ചു. മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, ദുരിതാശ്വാസ സാമഗ്രികൾ, ടെന്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സഹായങ്ങൾ കെ.ആർ.സി.എസ് നേരത്തേ അയച്ചിരുന്നു.
വ്യാപകമായ വെള്ളപ്പൊക്കത്തിൽ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾക്ക് ഇവ സഹായകരമാകുമെന്ന് സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ.ഫഹദ് അൽ ദഫീരി പറഞ്ഞു. സുഡാൻ ജനതയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യത്തിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശം അനുസരിച്ചാണ് സഹായം എത്തിക്കുന്നത്.
2023 ഏപ്രിലിൽ സുഡാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിറകെ കുവൈത്ത് സഹായങ്ങൾ അയച്ചിരുന്നു. ആദ്യത്തെ എയർബ്രിഡ്ജിൽ 16 വിമാനങ്ങളിലും രണ്ട് കപ്പലുകളിലും വസ്തുക്കൾ സുഡാനിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.