കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 10മണിയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്.
കുവൈത്തിന്റെ പ്രിയപ്പെട്ട അമീറിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ പങ്കെടുത്തു.
പുതിയ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അല്‍ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മന്ത്രിമാര്‍, മക്കള്‍, സഹോദരങ്ങള്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ നമസ്കാരത്തിൽ പങ്കെടുത്തു.
കുവൈത്തിന്റെ 16ാമത് അമീറായിരുന്നു അദ്ദേഹം. 86 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അമീറിനെ ആരോഗ്യപ്രശ്നങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ 29ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചതായി അമീരി ദിവാൻകാര്യ മന്ത്രി അറിയിച്ചു. ശൈഖ് നവാഫിന്റെ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ അമീറായി ചുമതലയേറ്റു.
അമീറിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർധസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ ഞായർ മുതൽ മൂന്ന് ദിവസം അവധി ആയിരിക്കും. ഗവർണർ, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി, അമീർ എന്നിങ്ങനെ ഭരണാധികാരിയെന്ന നിലയില്‍ രാജ്യപുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
കോവിഡിന്റെയും എണ്ണ വിലയിടിവിന്റെയും അടക്കം വലിയ വെല്ലുവിളികൾക്കിടയിൽ രാജ്യഭരണം ഏറ്റെടുത്ത ശൈഖ് നവാഫ് കുവൈത്തിനെ സുസ്ഥിരമായ സാമ്പത്തികഭദ്രതയിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. ജി.സി.സിയിലെയും അറബ് മേഖലയിലെയും രാഷ്ട്രങ്ങൾക്കിടയിൽ കുവൈത്തിന്റെ നിർണായക ഇടപെടലുകൾക്കും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ലോകരാഷ്ട്രങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ശൈഖ് നവാഫിന്റെ ശ്രദ്ധയും കരുതലും എന്നും ഉണ്ടായിരുന്നു.
കുവൈത്ത് മുൻ അമീർ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും യമാമയുടെയും ആറാമത്തെ മകനായി 1937 ജൂൺ 25നാണ് കുവൈത്ത് രാജകുടുംബത്തിൽ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ജനനം. 2020 സെപ്റ്റംബറില്‍ ശൈഖ് സബ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചതിന് പിന്നാലെ കുവൈത്ത് അമീറായി ചുമതലയേറ്റു. 2006 ഫെബ്രുവരി ഏഴുമുതൽ ദീർഘകാലം കിരീടാവകാശിയായി ചുമതലകൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.